കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചിയിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 3-1 നാണ് ബ്ലാസ്റ്റേഴ്‌സ് വിജയം തിരിച്ചുപിടിച്ചത്.
കഴിഞ്ഞ പത്ത് മത്സരത്തിലും ഗോവയ്‌ക്കെതിരെ ജയിക്കാന്‍ കഴിയാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം തിരുത്തി. 2016 നവംബറിന് ശേഷം ഐഎസ്എലില്‍ എഫ്‌സി ഗോവക്കെതിരെയുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യജയം.
അഡ്രിയാന്‍ ലൂണ (42), ദിമിത്രിയോസ് ഡയമന്റകോസ് (45, പെനാല്‍റ്റി), ഇവാന്‍ കലിയൂഷ്‌നി (52) എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടി. നാലുഗോളുമായി കലിയൂഷ്‌നി ലീഗിലെ ടോപ് സ്‌കോററായി.
തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലും രണ്ടാം പകുതിയുടെ ആദ്യവുമാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം കണ്ടത്. നോവ സദോയി ഗോവക്കായി ആശ്വാസഗോള്‍ നേടി.
സൗരവ് മണ്ഡലിനു പകരം മലയാളി താരം സഹലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കോച്ച് ഇവാന്‍ വുകുമനോവിച്ച് ബ്ലാസ്റ്റേഴ്‌സിനെ ഗ്രൗണ്ടിലെത്തിച്ചത്. രാഹുല്‍ കെ.പിയുടെ മികച്ച പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ടീം നേടിയ രണ്ട് ഗോളുകളില്‍ രാഹുലിന്റെ കൈയൊപ്പുണ്ടായിരുന്നു. ഇതുകൂടാതെ വലതുവിങ്ങില്‍ നിന്ന് നിരവധി അവസരങ്ങളാണ് താരം സൃഷ്ടിച്ചത്.
സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ബ്ലാസ്‌റ്റേഴ്‌സ് ആറ് കളിയില്‍ ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. നവംബര്‍ 19ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ എവേ ഗ്രൗണ്ടിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.