എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്; ബലാത്സംഗം പോലെ ഗുരുതരമാണ് വ്യാജ ആരോപണങ്ങളെന്ന് ഹൈക്കോടതി

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്;  ബലാത്സംഗം പോലെ ഗുരുതരമാണ് വ്യാജ ആരോപണങ്ങളെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസിലെ ആരോപണം പോലെ തന്നെ ഗുരുതരമാണ് വ്യാജ ആരോപണങ്ങളെന്നു ഹൈക്കോടതി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെയുള്ള ലൈംഗീകാരോപണ കേസ് പരിഗണിക്കവെയാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ പരാതിക്കാരിയുമായുണ്ടായതെന്നു പരിശോധിക്കണമെന്നു ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. പീഡനക്കേസില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരും പരാതിക്കാരിയും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതിയുടെ നിരീക്ഷണം.

ഹര്‍ജി പരിഗണിക്കവെ ആദ്യ പരാതിയില്‍ ലൈംഗിക പീഡന പരാതി ഉണ്ടോയെന്നു കോടതി ചോദ്യമുന്നയിച്ചു. അങ്ങിനെ പരാതിയില്‍ പരാമര്‍ശമില്ലെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ ആദ്യ പരാതിയില്‍ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നു മനസിലാകാമെന്ന് കോടതിയുടെ വ്യക്തമാക്കി. തുടര്‍ന്നാണ് ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

പരാതിക്കാരിയെ കോവളത്ത് വച്ചു പ്രതി കൊല്ലാന്‍ ശ്രമിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. കാര്യങ്ങള്‍ സിനിമാക്കഥ പോലെ തോന്നുന്നെന്നു കോടതി പറഞ്ഞപ്പോള്‍ കഥയല്ലെന്നും യഥാര്‍ഥമായി സംഭവിച്ച കാര്യങ്ങളാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

കഴിഞ്ഞ ജൂലായ് നാലിന് കോവളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലും സെപ്തംബര്‍ അഞ്ചിന് കളമശേരിയിലെ ഒരു ഫ്‌ളാറ്റിലും സെപ്തംബര്‍ 14 നു പേട്ടയിലെ വസതിയിലും പരാതിക്കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കോവളത്തെ റെസ്റ്റ് ഹൗസില്‍ ഒപ്പം താമസിക്കാന്‍ തയ്യാറാകാത്തതിന് പരാതിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കാറില്‍ സൂയിസൈഡ് പോയിന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അന്ന് ഇരുട്ടില്‍ ഒരു ആളൊഴിഞ്ഞ വീടിനു പിന്നിലൊളിച്ചാണ് പരാതിക്കാരി രക്ഷപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.