ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ ഏറ്റവും വലിയ നിർമ്മാണ പ്ലാന്‍റ് തുറക്കാന്‍ ഹോട്ട്പാക്ക്

ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ ഏറ്റവും വലിയ നിർമ്മാണ പ്ലാന്‍റ് തുറക്കാന്‍ ഹോട്ട്പാക്ക്

ദുബായ്: ദുബായ് നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ ഏറ്റവും വലിയ നി‍ർമ്മാണ പ്ലാന്‍റ് ഹോട്ട്പാക്ക് ഗ്ലോബല്‍ തുറക്കുന്നു. ഇതിലേക്കായി 250 മില്യന്‍ ദിര്‍ഹം നിക്ഷേപിച്ചുവെന്നും 2030 ഓടെ മേഖലയില്‍ ഒന്നാം സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രധാന ചുവടുവെപ്പാണിതെന്നും കമ്പനി അധികൃതർ അറിയിച്ചു.

ഏറ്റവും വലുതും സാങ്കേതികമായി അത്യന്താധുനികവുമായ സ്ഥാപനം തുറക്കാനായതില്‍ സന്തുഷ്ടരാണ്. മലിനീകരണം കുറക്കാനുള്ള പരിസ്ഥിതി സൗഹൃദ ഡിസ്‌പോസബ്ള്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നുളള ഉറപ്പ് പാലിച്ച്, തീരെ മാലിന്യം ഉല്‍പാദിപ്പിക്കാത്തതും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിലാണ് പ്ലാന്‍റ് നിർമ്മിച്ചിരിക്കുന്നതെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു.

500,000 ചതുശ്ര അടിയിലുള്ള ഈ സ്ഥാപനം ഉയര്‍ന്ന പെര്‍ഫോമന്‍സും സുസ്ഥിര പിഇടി പാക്കേജിംഗുമുള്ള ഉല്‍പന്നങ്ങളുടെ വണ്‍ സ്‌റ്റോപ് ഷോപ്പാകും. 35,000 പാലറ്റ് സ്‌റ്റോറേജ് സൗകര്യമുള്ള വലിയ വെയര്‍ഹൗസിനൊപ്പം തങ്ങളുടെ കയറ്റുമതി കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുഎഇയുടെ വ്യാവസായിക മേഖലയില്‍ ശക്തമായ പിന്തുണ നല്‍കാന്‍ എന്‍ഐപിയിലെ പ്ലാന്‍റ് ഗണ്യമായ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക് തലവന്‍ അബ്ദുല്ല അല്‍ ജസ്മി അഭിപ്രായപ്പെട്ടു.

റോബോട്ടിക് പാക്കേജിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പടെ സമ്പൂര്‍ണ ഓട്ടോമേഷന്‍ പ്ലാന്‍റിലുണ്ടെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി പറഞ്ഞു. സാമ്പത്തിക വിനോദ സഞ്ചാര വകുപ്പിന്‍റെ വ്യാപാര പ്രോല്‍സാഹന സ്ഥാപനമായ ദുബായ് ഇന്‍ഡസ്ട്രീസ് ആന്‍റ് എക്‌സ്‌പോര്‍ട്‌സ് ഈയിടെ അംഗീകരിച്ച സ്ഥാപനമാണ് ഹോട്ട്പാക്ക്ഗ്ലോബല്‍. കടലാസുല്‍പന്നങ്ങള്‍ നിര്‍മിക്കാനായി ഖത്തറിലെ ദോഹയില്‍ ഒരു മാനുഫാക്ചറിംഗ് പ്ലാന്‍റ് തുറന്നിട്ടുണ്ട്. ഇതു കൂടാതെ, എല്ലാ ജിസിസി രാജ്യങ്ങളിലേക്കും കമ്പനി ഇകൊമേഴ്‌സ് സ്‌റ്റോറുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

അതേസമയം സൗദി (പേപ്പര്‍ ഡിവിഷന്‍), ഇന്ത്യ (ഗുജറാത്ത്), സെര്‍ബിയ (ബയോഡീഗ്രേഡബ്ള്‍), മലേഷ്യ എന്നിവിടങ്ങളില്‍ ഹോട്ട്പാക്കിന്‍റെ പുതിയ നിർമ്മാണ പ്ലാന്‍റുകള്‍ മൂന്നു മാസങ്ങള്‍ക്കകം പ്രവര്‍ത്തനമാരംഭിക്കും. ഗ്ലോബല്‍ ബിസിനസ് ഡയറക്ട‍ർ മൈക്ക് ചീതം, ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ശ്യാം പ്രകാശ്, വൈസ് പ്രസിഡന്‍റ് സുഹൈല്‍ അബ്ദുളള, അസി. വൈസ് പ്രസിഡന്‍റ് മുഹമ്മദ് ജാസിർ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.