കാന്‍സല്‍ ചെയ്തതിന് റീഫണ്ടും പിഴയും; എയര്‍ ഇന്ത്യ 12.15 കോടി ഡോളര്‍ നല്‍കാന്‍ ഉത്തരവ്

കാന്‍സല്‍ ചെയ്തതിന് റീഫണ്ടും പിഴയും; എയര്‍ ഇന്ത്യ 12.15 കോടി ഡോളര്‍ നല്‍കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് റീഫണ്ട് ആയി 12.15 കോടി ഡോളര്‍ (989.38 കോടി രൂപ) നല്‍കണമെന്ന് യുഎസ് ഗതാഗത വകുപ്പിന്റെ ഉത്തരവ്. ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശികയും കാലാവധിക്കുള്ളില്‍ മടക്കി നല്‍കാത്തതിന് പിഴയായുമാണ് ഇത്രയും തുക എയര്‍ ഇന്ത്യ നല്‍കേണ്ടത്.

കോവിഡ് കാലത്ത് വിമാന യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് യുഎസ് അധികൃതര്‍ ഇടപെട്ടത്. റീഫണ്ട് നല്‍കുന്നതിന് കാലതാമസം വരുത്തിയതിന് 14 ലക്ഷം ഡോളര്‍ (11.40 കോടി രൂപ) പിഴയടയ്ക്കാനും ഉത്തരവിട്ടു.

എയര്‍ ഇന്ത്യ ഉള്‍പ്പെടെ ആറ് എയര്‍ലൈനുകള്‍ക്കെതിരെയാണ് നടപടി. ഗതാഗത വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് ഈ കമ്പനികളെല്ലാം ചേര്‍ന്ന് ആകെ 60 കോടി ഡോളര്‍ റീഫണ്ട് ആയി നല്‍കണം.

ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുമ്പുള്ള കേസുകളിലാണ് യുഎസ് ഇപ്പോള്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണം തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന് ലഭിച്ച 1900 കേസില്‍ പകുതിയിലേറെ പരാതിക്കാര്‍ക്ക് 100 ലേറെ ദിവസമെടുത്താണ് എയര്‍ ഇന്ത്യ പണം തിരികെ നല്‍കിയത്.

എയര്‍ ഇന്ത്യയെ കൂടാതെ ഫ്രണ്ടിയര്‍, ടാപ്പ് പോര്‍ച്ചുഗല്‍, എയറോ മെക്സികോ, എല്‍ അല്‍ എയര്‍ലൈന്‍, ഏവിയന്‍ക തുടങ്ങിയ കമ്പനികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.

ഇതനുസരിച്ച് എയര്‍ ഇന്ത്യ 12.15 കോടി ഡോളര്‍ യാത്രക്കാര്‍ക്കും 14 ലക്ഷം ഡോളര്‍ പിഴയായും നല്‍കണം. ഫ്രണ്ടിയറിന് 22.2 കോടി ഡോളറര്‍ റീഫണ്ടും 22 ലക്ഷം പിഴയും നല്‍കണം. ടാപ്പ് പോര്‍ച്ചുഗലിന് 12.65 കോടി ഡോളര്‍ റീഫണ്ടും 11 ലക്ഷം ഡോളര്‍ പിഴയും നല്‍കണം. ഏവിയന്‍ക 7.68 കോടി ഡോളര്‍ റീഫണ്ടും 7,50,000 ഡോളര്‍ പിഴയും നല്‍കണം, എല്‍ അല്‍ എയര്‍ലൈന്‍സ് 6.19 കോടി ഡോളര്‍ റീഫണ്ടും 9,00,000 ഡോളര്‍ പിഴയും നല്‍കണം. എയറോ മെക്സികോ 1.36 കോടി ഡോളര്‍ റീഫണ്ടും 90,000 ഡോളര്‍ പിഴയും നല്‍കണം.

യുഎസിലെ നിയമം അനുസരിച്ച് യുഎസിലേക്കും യുഎസില്‍ നിന്ന് പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ക്കും യുഎസിനകത്ത് യാത്ര ചെയ്യുന്നവര്‍ക്കും വിമാനം റദ്ദാക്കിയാലും യാത്രയില്‍ മാറ്റങ്ങളുണ്ടായാലും കമ്പനി വാഗ്ദാനം ചെയ്ത മറ്റ് വിമാനത്തില്‍ യാത്ര സ്വീകരിക്കാന്‍ യാത്രക്കാര്‍ തയ്യാറാകാതിരുന്നാലും വിമാനക്കമ്പനികള്‍ ടിക്കറ്റിന്റെ തുക തിരികെ നല്‍കണം. പണം തിരികെ നല്‍കുന്നതിന് പകരം വൗച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും അധികൃതര്‍ പറയുന്നു.

യാത്രക്കാര്‍ റീഫണ്ടിന് ആവശ്യപ്പെട്ടാല്‍ അത് പെട്ടെന്ന് തിരികെ നല്‍കണം. അത് ചെയ്തില്ലെങ്കില്‍ സ്വമേതായ തങ്ങള്‍ നടപടി സ്വീകരിക്കുമെന്ന് യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.