ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് വധശിക്ഷ: ഇറാന്‍ പാര്‍ലമെന്റില്‍ വോട്ടിങ്; 290 അംഗങ്ങളില്‍ 227 പേരും പിന്തുണച്ചു!

 ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് വധശിക്ഷ: ഇറാന്‍ പാര്‍ലമെന്റില്‍ വോട്ടിങ്; 290 അംഗങ്ങളില്‍ 227 പേരും പിന്തുണച്ചു!

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രമേയം! വധശിക്ഷ വേണമെന്ന ആവശ്യത്തെ പാര്‍ലമെന്റിലെ 290 അംഗങ്ങളില്‍ 227 പേരും പിന്തുണച്ചു. രാജ്യത്ത് വിമത ശബ്ദമുയര്‍ത്തുന്നവരോട് വിട്ടുവീഴ്ച പാടില്ലെന്ന് പ്രമേയത്തില്‍ പറയുന്നു.

പ്രക്ഷോഭകര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച വോട്ടെടുപ്പു നടന്നത്.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 16 ന് മഹ്‌സ അമിനി (22) എന്ന പെണ്‍കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷേഭം ആളിപ്പടര്‍ന്നത്. നഗരങ്ങളില്‍ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.


സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നു. ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധം നടത്തിയ നിരവധി പേര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ചില പ്രതിഷേധക്കാര്‍ക്കെതിരെ വിദേശ സര്‍ക്കാരുകളുമായി സഹകരിച്ചതിന് പ്രത്യേക കുറ്റം ചുമത്തുമെന്നും സൂചനകളുണ്ട്. ഇറാന്റെ വിദേശ ശത്രുക്കളാണ് അശാന്തിക്ക് കാരണമെന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും സര്‍ക്കാര്‍ ഉന്നയിച്ചു.

അതിനിടെ ഹിജാബ് വിരുദ്ധ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ഇറാനിലെ പരമോന്നത കോടതി കഴിഞ്ഞ ദിവസം ഒരാളെ വധ ശിക്ഷയ്ക്കു വിധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.