തിരുവനന്തപുരം: വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ കൈക്കൂലി പണത്തിന് പുറമെ മദ്യക്കുപ്പികളും കണ്ടെത്തി. പരിശോധനയ്ക്കിടെ കൈക്കൂലി പണവുമായി വന്ന ഏജന്റുമാരെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.
ഓപ്പറേഷന്‍ പഞ്ച് കിരണിന്റെ ഭാഗമായി ചൊവ്വാഴ്ചയായിരുന്നു പരിശോധന നടത്തിയത്. വൈകിട്ട് ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. പരിശോധനയില്‍ വിവിധ ജില്ലകളില്‍ നിന്നായി 1.5 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 6,240 രൂപക്ക് പുറമേ ഒരുകുപ്പി വിദേശമദ്യവും പിടികൂടി. ബുക്ക് ഷെല്‍ഫുകള്‍ക്കിടയിലും മേശവലിപ്പിലുമുള്‍പ്പടെയാണ് കൈക്കൂലി പണം സൂക്ഷിച്ചിരുന്നത്. ആലപ്പുഴയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ കൈക്കൂലിപ്പണം പുറത്തേക്ക് വലിച്ചെറിഞ്ഞതായും കണ്ടെത്തി.
ഗൂഗിള്‍ പേ വഴിയും ഓണ്‍ലൈനായും ഏജന്റുമാര്‍ കൈക്കൂലി കൈപ്പറ്റിയശേഷം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
ആധാരം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടും വ്യാപകക്രമക്കേട് കണ്ടെത്തി. സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച ആധാരങ്ങള്‍ കക്ഷിക്ക് നേരിട്ട് നല്‍കണമെന്ന നിയമം മറികടന്ന് ആധാരം എഴുത്തുകാര്‍ മുഖേന കൈമാറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യാപക ക്രമക്കേടുകള്‍ സംസ്ഥാനസര്‍ക്കാരിനെ അറിയിക്കുമെന്ന് വിജിലന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.