കൂട്ടപ്പിരിച്ചുവിടല്‍: ആമസോണ്‍ നടപടികള്‍ ആരംഭിച്ചു; ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചു തുടങ്ങി

കൂട്ടപ്പിരിച്ചുവിടല്‍: ആമസോണ്‍ നടപടികള്‍ ആരംഭിച്ചു; ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചു തുടങ്ങി

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണ്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചു. സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും പാദങ്ങളായി കമ്പനി നഷ്ടത്തിലൂടെയാണ് പോകുന്നത്. ഇതിനാലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്. ബുധനാഴ്ചയാണ് പിരിച്ചു വിടല്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം അസാധാരണവും അനിശ്ചിതത്വമുള്ളതുമായ മാക്രോ ഇക്കണോമിക് പരിതസ്ഥിതികള്‍ കാരണം തൊഴിലാളികളെ വെട്ടിക്കുറച്ചതായി ആമസോണിന്റെ സമീപകാല അറിയിപ്പില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ആമസോണ്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഡിവൈസസ് ആന്‍ഡ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവിഡ് ലിംപും സ്ഥിരീകരിച്ചു. പിരിച്ചുവിടല്‍ നേരിടുന്ന ജീവനക്കാരെ ഇതേക്കുറിച്ച് കമ്പനി ഇതിനകം അറിയിച്ചിട്ടുണ്ടെന്നും അവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്താനും മറ്റു ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടപ്പിരിച്ചുവിടല്‍ ആമസോണിന്റെ ആഗോള പ്രവര്‍ത്തനങ്ങളെ കാര്യമായി തന്നെ ബാധിക്കും. ഇത് പ്രധാനമായും ഡിവൈസസ് ആന്‍ഡ് സര്‍വീസസ് മേഖലകളെയാണ് ബാധിക്കുക. ജീവനക്കാര്‍ക്ക് പിരിച്ചുവിടലിനെക്കുറിച്ച് ഔദ്യോഗിക മെയില്‍ ലഭിച്ചു. കമ്പനിക്കുള്ളില്‍ തന്നെ മറ്റൊരു ജോലി കണ്ടെത്താനും അവര്‍ക്ക് രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഒരു പുതിയ റോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കി പിരിഞ്ഞുപോകാന്‍ അവസരം നല്‍കുമെന്നും ആമസോണ്‍ ഉറപ്പു നല്‍കുന്നു.

ആമസോണിനെ കൂടാതെ ഫെയ്‌സ്ബുക് മാതൃ സ്ഥാപനമായ മെറ്റയും കഴിഞ്ഞയാഴ്ച പിരിച്ചു വിടല്‍ പ്രഖ്യാപിച്ചിരുന്നു. ഫെയ്‌സ്ബുക് കഴിഞ്ഞയാഴ്ച ഏകദേശം 11,000 പേരെയാണ് വെട്ടിക്കുറച്ചത്. ഏകദേശം 13 ശതമാനം ജീവനക്കാരെ. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് തൊഴിലാളികളെ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുന്നത്. എന്നാല്‍ വരുമാനം കുറയുകയും പ്രതികൂല മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ കാരണം മാര്‍ക്ക് സക്കര്‍ബര്‍ഗ് ചെലവ് ചുരുക്കല്‍ നടപടികള്‍ പുനക്രമീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേപോലെ ട്വിറ്ററില്‍ നിന്ന് 3,700 ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.