ഹൈദരാബാദിനെ തളച്ച് കൊമ്പന്‍മാര്‍; ബ്ലാസ്റ്റേഴ്‌സിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിന്

ഹൈദരാബാദിനെ തളച്ച് കൊമ്പന്‍മാര്‍; ബ്ലാസ്റ്റേഴ്‌സിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിന്

ഹൈദരാബാദ്: ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് തടയിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഈ സീസണില്‍ ഒരു കളിയില്‍ പോലും പരാജയം അറിഞ്ഞിട്ടില്ലാത്ത ഹൈദരാബാദിന്റെ കുതുപ്പിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട പരാജയപ്പെടുത്തിയത്. 

18-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍. കഴിഞ്ഞ സീസണിലെ തോല്‍വിക്ക് പകരംവീട്ടാന്‍ ഇവാന്‍ വുകോമനോവിച്ചിനും സംഘത്തിനുമായി. 

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഹൈദരാബാദായിരുന്നു പന്തടക്കത്തില്‍ മുന്നില്‍. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. അഡ്രിയാന്‍ ലൂണയുടെ ബ്രില്ല്യന്‍സാണ് ഗോളിന് വഴിയൊരുക്കിയത്. ലൂണ ബോക്‌സിന് പുറത്ത് നിന്ന് ചിപ് ചെയ്ത് അകത്തേക്ക് നല്‍കിയ പന്ത് ഹൈദരാബാദ് കീപ്പര്‍ അനുജ് കുമാര്‍ ക്ലിയര്‍ ചെയ്തത് നേരേ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ മുന്നിലേക്കായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഡയമന്റക്കോസ് പന്ത് വലയിലെത്തിച്ചു.

ഇതിനിടെ പേശീവലിവ് അനുഭവപ്പെട്ട ദിമിത്രിയോസ് ഡയമന്റക്കോസിന് 34-ാം മിനിറ്റില്‍ കളംവിടേണ്ടി വന്നു. അപ്പോസ്തലോസ് ജിയാനു പകരമിറങ്ങി. പിന്നാലെ 37ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സഹല്‍ നഷ്ടപ്പെടുത്തിയത് സ്‌റ്റേഡിയത്തെ ഞെട്ടിച്ചു. ലൂണ നല്‍കിയ ക്രോസില്‍ നിന്നുള്ള സഹലിന്റെ ഫ്രീ ഹെഡര്‍ പുറത്തേക്ക് പോകുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഹൈദരാബാദിന്റെ മുന്നേറ്റങ്ങളെല്ലാം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു. ഈ മത്സരത്തിലും കെ.പി. രാഹുലിന്റെ പ്രകടനം ബ്ലാസ്‌റ്റേഴ്‌സിന് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. എങ്കിലും രണ്ടാം പകുതിയില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ പലതും ഹൈദരാബാദ് താരങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നു. ജയത്തോടെ 12 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 16 പോയന്റുള്ള ഹൈദരാബാദ് ഒന്നാം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.