1926 ല്‍ ഗ്രേറ്റ് ബ്രിട്ടണിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌കോട്ട്‌ലന്‍ഡുകാരനായ ജോണ്‍ ലോജിക് ബായ്ഡ് എന്ന ശാസ്ത്രജ്ഞന്‍ ടെലിവിഷന്‍ എന്ന തന്റെ കണ്ടുപിടിത്തം ആദ്യമായി അവതരിപ്പിച്ചപ്പോള്‍, അത് വൈദ്യുതിക്കു ശേഷം മനുഷ്യന്‍ സ്വന്തമാക്കിയ ഏറ്റവും മഹത്തായ നേട്ടമാകുമെന്ന് ആരും കരുതിയില്ല.
അതേ, ആധുനിക വിവര സാങ്കേതിക വിദ്യയെ മനുഷ്യന്റെ വിരല്‍ത്തുമ്പിലൊതുക്കിയ വിജ്ഞാന വിസ്‌ഫോടനത്തിന്റെ നാന്ദിയായിരുന്നു ടെലിവിഷന്റെ കണ്ടു പിടിത്തം. ഇന്നു ടെലിവിഷന്‍ ഇല്ലാത്ത ജീവിതം തന്നെ അചിന്ത്യമാക്കുന്ന വിധത്തില്‍ ഈ മാധ്യമം മനുഷ്യ ജീവിതത്തെ സ്വാധീനിച്ചു കഴിഞ്ഞു.
ലോകത്തെ മുഴുവന്‍ ഒരു ചതുരപ്പെട്ടിയുടെ ഉള്ളിലൊതുക്കിക്കൊണ്ട് ആശയ വിനിമയത്തിന്റെയും വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പ്രഥമ മാര്‍ഗമായി ടെലിവിഷന്‍ വളര്‍ന്നതിനാലാണ് 1996ലെ യു.എന്‍. പൊതുസഭ നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
സമയത്തെയും സ്ഥലത്തെയും അതിജീവിച്ചു കൊണ്ട്, ലോകം കീഴടക്കിയ ടെലിവിഷന്‍ ഇന്ത്യയിലെത്തിയത് 1956 സെപ്റ്റംബര്‍ 15 നാണ്. 1965 ആയപ്പോഴേക്കും ഇന്ത്യയില്‍ ടെലിവിഷന്‍ പ്രചാരത്തിലായി. 1972 -ല്‍ മുംബൈ ശ്രീനഗര്‍, ജലന്ധര്‍, കൊല്‍ക്കത്ത, ചെന്നൈ, ലക്‌നൗ എന്നിവിടങ്ങളില്‍ ടി.വി പ്രക്ഷേപണ കേന്ദ്രങ്ങള്‍ തുറന്നു. 1982 -ലെ ഏഷ്യന്‍ ഗെയിംസാണ് ഇന്ത്യയില്‍ ടിവി പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിച്ചത്. 1982-ല്‍ തന്നെയാണ് ഇന്ത്യയില്‍ കളര്‍ ടെലിവിഷന്‍ പ്രചാരത്തിലാകുന്നതും.
ഇന്ന് ദൂരദര്‍ശന് 64 പ്രക്ഷേപണ കേന്ദ്രങ്ങളും 126 പ്രാദേശിക വാര്‍ത്താ കേന്ദ്രങ്ങളും 202 ഹൈപവര്‍ ട്രാന്‍സ്മിറ്റേഴ്‌സും 808 ലോപവര്‍ ട്രാന്‍സ്മിറ്റേഴ്‌സുമുണ്ട്. 21708 ഉദ്യോഗസ്ഥരും പതിനായിരക്കണക്കിനു ജീവനക്കാരുമായി ദൂരദര്‍ശന്‍ ഇന്ത്യയുടെ പ്രധാന ആശയ വിനിമയ മാധ്യമമായി വളര്‍ന്നു കഴിഞ്ഞു. ബിബിസി, സിഎന്‍എന്‍, ഐബിഎന്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തുടങ്ങി അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ നൂറുകണക്കിന് ചാനലുകളുടെ പ്രളയത്തില്‍ നന്മയും തിന്മയും അളക്കാനുള്ള പക്വതയാണ് ടെലിവിഷന്‍ ദിനാചരണം നമ്മില്‍ നിന്നാവശ്യപ്പെടുന്നത്. ടെലിവിഷന് നന്മകള്‍ മാത്രമല്ല, തിന്മകളുമുണ്ട്. പ്രധാനപ്പെട്ട പോരായ്മയായി മനശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത് സമയ നഷ്ടമാണ്.
ഒരാള്‍ ഒരു ദിവസം ഒരു മണിക്കൂര്‍ ടിവി കാണുമ്പോള്‍ ഒരു വര്‍ഷം 365 മണിക്കൂറും പത്തു വര്‍ഷംകൊണ്ട് 3650 മണിക്കൂറും അയാള്‍ ചെലവാക്കുന്നു. ഈ സമയംകൊണ്ട്, ഒരു വ്യക്തിക്ക് ഒരു പുതിയ ഭാഷ പഠിക്കുവാനോ, ഒരു പുതിയ യൂണിവേഴ്‌സിറ്റി കോഴ്‌സ് പാസാകുവാനോ കഴിയും. അപ്പോള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്നവരുടെ സമയ നഷ്ടം എത്രയോ ഭീമമായിരിക്കും. മറ്റൊരു പോരായ്മ പല വീടുകളിലും കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നത് ടിവി കാഴ്ചയാണ് എന്നുള്ളതാണ്.
വീടിനുള്ളിലെ സ്വാഭാവിക വര്‍ത്തമാനങ്ങളും കളിചിരികളും ടിവി നിയന്ത്രിക്കുമ്പോള്‍ ഒന്നില്‍ ടുതല്‍ ടിവി സെറ്റുകള്‍ പല വീടുകളിലും സ്ഥാനം പിടിക്കുന്നത് മനുഷ്യബന്ധങ്ങളിലെ അപായ സൂചനയല്ലേ. വിദ്യാര്‍ഥികളെ സംബന്ധിച്ച് ടിവി പലപ്പോഴും ലക്ഷ്യബോധം നശിപ്പിക്കുന്ന മാധ്യമമാണ്. സിനിമയും അശ്ലീലവും അക്രമരംഗങ്ങളും വിദ്യാര്‍ഥികളുടെ ജീവിത ലക്ഷ്യവും ഏകാഗ്രതയും പലപ്പോഴും നഷ്ടപ്പെടുത്തുന്നു.
ടെലിവിഷന്‍ ദിനാചരണം നമ്മെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കണം. കണ്ണുള്ളപ്പോള്‍ നമുക്ക് കാണാതിരിക്കാനാവില്ല. കാണുക എന്നത് കണ്ണിന്റെ സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍, ബോധപൂര്‍വമായ കാഴ്ച യാണ് നോട്ടം. എന്തു കാണണം എന്നതല്ല, എന്തു നോക്കണം എന്നതാണ് ഒരു വ്യക്തിയുടെ തിരഞ്ഞടുപ്പ്. അതിനാല്‍, വെറും കാഴ്ചകളല്ല, നോട്ടമാണ് ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്നത്. ഇന്ന് ചാനല്‍ തമ്പുരാക്കന്മാരുടെ കിടമല്‍സരത്തില്‍ കാഴ്ചക്കാരെ പിടിച്ചു നിര്‍ത്താനായി ശ്ലീലബോധം മറഞ്ഞ കാമറകളുടെ കൂത്തുകള്‍ കൊണ്ട് സാധാരണ കാഴ്ചക്കാരന്റെ മിഴി മെഴുകിയെടുക്കുകയാണ് ടെലിവിഷന്‍.
ഇവിടെ ടിവി ഉപേക്ഷിക്കലല്ല, കാഴ്ചയുടെ ശരി തെറ്റുകള്‍ക്കു വിധിയെഴുതാനായി സ്വന്തം സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും നിലയനുസരിച്ച് ഓരോ വ്യക്തിയും തന്റേതായ കാഴ്ചയുടെ നിലപാട് രൂപപ്പെടുത്തുകയാണ് ഉചിതം. ടെലിവിഷന്‍ ദിനാചരണം ഈയൊരു ലക്ഷ്യം നേടാന്‍ നമ്മെ സഹായിക്കട്ടെ.
ഫാ റോയ് കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും.
ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.