കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടി.പി. രാജീവന്റെ വസതിയിൽ രാവിലെ എത്തുന്ന തരൂർ പിന്നീട് മാഹി കലാഗ്രാമത്തിലെ ചടങ്ങിലും പങ്കെടുക്കും. തുടർന്ന് കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കും.
നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടിയോടെയാണ് തരൂരിന്റെ മലബാർ പര്യടനത്തിനു തുടക്കമായത്.
ഹാളിലും പുറത്തും ജനം നിറഞ്ഞു. തരൂരിന്റെ പര്യടനം ഏകോപിപ്പിക്കുന്ന എം.കെ. രാഘവൻ എംപി വിലക്കിനു നൽകിയ മറുപടി കൂടിയായി പരിപാടിയിലെ ജനപങ്കാളിത്തം.
യൂത്ത് കോൺഗ്രസ് പിന്മാറിയതിനുപിന്നിൽ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിവേദികളിൽ കാര്യങ്ങൾ തുറന്നുപറയും.
അന്വേഷണം ആവശ്യപ്പെട്ടു സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ എന്നിവർക്കു പരാതി നൽകും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.