തരൂരിന്റെ മലബാര്‍ പര്യടനം തുടരുന്നു; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു

തരൂരിന്റെ മലബാര്‍ പര്യടനം തുടരുന്നു;  കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു

കൊച്ചി: ശശി തരൂരിന്റെ മലബാര്‍ പര്യടനവും തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും സംസ്ഥാന കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ചേരി തിരിവിനും വാക്‌പോരിനും വഴിവച്ചു. പരസ്യ പ്രസ്താവനകള്‍ വിലക്കി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിര്‍ദേശം നല്‍കിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ അതൊന്നും ചെവിക്കൊണ്ട മട്ടില്ല.

പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന കെ.സുധാകരന്റെ വാര്‍ത്താ കുറിപ്പിന് പിന്നാലെ വിഭാഗീയത വച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതുമായി വി.ഡി സതീശന്‍ രംഗത്തെത്തെത്തി. ഗ്രൂപ്പിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും ഒറ്റക്കെട്ടായ കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും തരൂരും തിരിച്ചടിച്ചതോടെ ഗ്രൂപ്പുകളെ എല്ലാം അപ്രസക്തമാക്കി കേരളത്തിലെ കോണ്‍ഗ്രസ് തരൂര്‍ അനുകൂലികളും തരൂര്‍ വിരുദ്ധരുമെന്ന മട്ടില്‍ ചേരി തിരിയുകയാണ്.

എ ഗ്രൂപ്പ് നേതാക്കള്‍ തന്ത്രപരമായ മൗനത്തിലേക്ക് പോകുമ്പോള്‍ പരസ്പരം പലവിധ എതിര്‍പ്പുകളുണ്ടെങ്കിലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലുമെല്ലാം തരൂരിനെതരെ ഒറ്റക്കെട്ടാവുകയാണ്. വിവിധ സമുദായങ്ങള്‍ക്കിടയിലും ചെറുപ്പക്കാര്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം തിരിച്ചറിഞ്ഞ നേതാക്കള്‍ വളരെ കരുതലോടെയാണ് തുടര്‍ നീക്കങ്ങള്‍ നടത്തുന്നത്.

അതേസമയം രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും തരൂരിന്റെ മലബാര്‍ പര്യടനം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ട തരൂര്‍ മലപ്പുറം ഡിസിസി ഓഫീസും സന്ദര്‍ശിച്ചു. തരൂരിന്റെത് സൗഹൃദ സന്ദര്‍ശനം മാത്രം ആയിരുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നില്ല എന്നുമായിരുന്നു മുസ്ലിം ലീഗിന്റെ വിശദീകരണം.

രാവിലെ 8.30 ഓടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ എത്തിയ തരൂരിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുല്‍ വഹാബും പി എം എ സലാമും കെ പി എ മജീദുമടങ്ങുന്ന ഉന്നത നേതാക്കളെല്ലാം പാണക്കാട് ശശി തരൂരിനെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. കോഴിക്കോട് എംപി എം.കെ രാഘവനും തരൂരിനൊപ്പം ഉണ്ടായിരുന്നു.

തുടര്‍ന്ന് മലപ്പുറം ഡിസിസിയില്‍ എത്തിയ തരൂരിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. മുദ്രാവാക്യം വിളികളോടെ ആണ് പ്രവര്‍ത്തകര്‍ ശശി തരൂരിനെ എതിരേറ്റത്. ഡിസിസി അധ്യക്ഷന്‍ വി.എസ് ജോയ് തരൂരിനെ സ്വീകരിച്ചു. ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ എ.പി അനില്‍ കുമാര്‍, കെപിസിസി ഭാരവാഹികളായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.

പിന്നീട് പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സിവില്‍ സര്‍വീസ് ട്രെയിനിങ് അക്കാദമിയില്‍ ആയിരുന്നു ശശി തരൂരിന്റെ അടുത്ത പരിപാടി. കുട്ടികളുമായി വിവിധ വിഷയങ്ങളില്‍ ആശയ സംവാദത്തില്‍ പങ്കെടുത്ത ശേഷമാണ് തരൂര്‍ കോഴിക്കോട്ടേക്ക് മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.