അർജന്റീനയുടെ പരാജയ കാരണം ഹെര്‍വേ റെനാര്‍ഡിന്റെ ഗെയിം പ്ലാൻ തിരിച്ചറിയാതെ പോയത്

അർജന്റീനയുടെ പരാജയ കാരണം ഹെര്‍വേ റെനാര്‍ഡിന്റെ ഗെയിം പ്ലാൻ തിരിച്ചറിയാതെ പോയത്

 ദോഹ: ഒരേയൊരു ഗെയിംപ്ലാൻ. 11 പേർ അത് നടപ്പാക്കിയപ്പോൾ 11 പേർ അതിൽ അടിതെറ്റി വീണു. ലോകം ഒരു നിമിഷം നിശ്ചലമായിപ്പോയ അർജന്റീന-സൗദി അറേബ്യ മത്സര ഫലത്തെ അങ്ങനെ വിലയിരുത്താം.

ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ആദ്യ ക്വിക്ക് മുതൽ അവസാന വിസിൽ വരെ സൗദിയുടെ വണ്ടര്‍ കോച്ച് ഹെര്‍വേ റെനാര്‍ഡ് എന്ന ഫ്രഞ്ച് പരിശീലകന്റെ ഗെയിം പ്ലാനായിരുന്നു പൂർണമായും കളിക്കളത്തിൽ നടപ്പായത്. മെസ്സിയും സംഘവും അറിയാത്ത ആ ഗെയിം പ്ലാനിൽ കൊടുങ്ങിപ്പോയി. അപകടം തിരിച്ചറിഞ്ഞപ്പോഴേക്കും കളി ഏറെക്കുറെ കൈവിട്ടു പോയിരുന്നു.

ദുർബലരെന്നു ധരിച്ചു പരിശീലന മത്സരത്തിന്റെ ലാഘവത്തോടെ കളിക്കിറങ്ങിയതാണ് മെസ്സിക്കും കൂട്ടർക്കും സംഭവിച്ച ആദ്യ പിഴവ്. അത് മുന്നിൽ കണ്ടുള്ള ഗെയിം പ്ലാൻ റെനാര്‍ഡ് കളിക്കളത്തിൽ മനോഹരമായി നടപ്പാക്കി.


ഒന്നാം പകുതിയുടെ ആദ്യ മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ അനായാസം നേടിയെടുത്ത ഒരു ഗോളിന് പുറത്തു കൊട്ടാരം കേട്ടമെന്നായിരുന്നു മെസ്സിയും കൂട്ടരും കരുതിയത്. കിക്കെടുക്കും മുൻപേ എതിർദിശയിലേക്ക് ഡൈവ് ചെയ്ത് വിഫല ശ്രമം നടത്തിയ സൗദി ഗോളി മുഹമ്മദ്‌ അൽ ഓവൈസിനെ വിലകുറച്ചു കണ്ട് തുടങ്ങിയപ്പോൾ തന്നെ അർജന്റീനക്ക്‌ പിഴച്ചു തുടങ്ങിയിരുന്നു. 

സൗദിയുടെ പ്രതിരോധത്തിൽ മനഃപൂർവം സൃഷ്‌ടിച്ച വിള്ളലുകൾ കണ്ടെങ്കിലും ആസ്വഭാവികത മണത്തറിയേണ്ടതായിരുന്നു ഫുട്ബോളിന്റെ മിശിഖായ്ക്ക്‌. ഒന്നിന് പുറകെ ഒന്നായി എതിർ ഗോൾമുഖത്തേക്ക് അടിച്ചിട്ട മൂന്നു ഗോളുകളെ ഓഫ്‌സൈഡിൽ കുരുക്കിയപ്പോഴും അപകടം തിരിച്ചറിയാൻ അർജന്റീനക്ക്‌ 36 തുടർ വിജയങ്ങൾ സമ്മാനിച്ച മാനേജർ ലയണൽ സ്കളോനിക്കും കഴിയാതെ പോയി. അവിടുന്ന് തുടങ്ങുകയായിരുന്നു അർജന്റീനയുടെ പരാജയം.

രണ്ടാം പകുതി ഒന്നാം പകുതിയുടെ തുടർച്ചയക്കേമെന്നു കരുതിയ അർജന്റീനയുടെ അനായാസ വിജയ പ്രതീക്ഷകൾക്ക് മേൽ മാരക ഷെല്ലാക്രമണമായിരുന്നു സൗദിയുടെ പിന്നീടുള്ള മുന്നേറ്റങ്ങൾ. മെസ്സി കളി മെനഞ്ഞെടുക്കും മുൻപേ ഹൃദയം ഭേദിച്ച രണ്ട് മാസ്റ്റർ ക്ലാസ്സ്‌ ഗോളുകൾ അർജന്റീനയുടെ ഗോൾ മുഖത്തേക്ക് വർഷിച്ചു. സാക്ഷാൽ എമിലിയാനോ മാർട്ടിനസിന് പോലും ഒന്നും ചെയ്യാനില്ലാതെ നിന്ന് പോയ നിമിഷങ്ങൾ.


തിരിച്ചടിക്കാനുള്ള അർജന്റീനയുടെ ഓരോ മുന്നേറ്റങ്ങളെയും സൗദിയുടെ പ്രതിരോധനിര നിഷ്ഭ്രമാക്കുന്നത് കണ്ടതോടെ കാര്യങ്ങൾ തങ്ങൾ കരുതിയപോലെയല്ലെന്നു മെസ്സിക്കും കൂട്ടർക്കും തിരിച്ചറിഞ്ഞിരിക്കണം. പ്രതിരോധം മറികടന്നു മെസ്സിയുടെയും ഡി മരിയയുടെയും ലൗട്ടാരോ മാർട്ടിനെസിന്റെയും ഗോൾ ശ്രമങ്ങൾ മുഹമ്മദ്‌ അൽ ഓവൈസ് തട്ടി അകറ്റിയപ്പോഴൊക്കെ ഓവൈസിന്റെ വൈഭവത്തെ അളന്ന അളവ് കോലിന്റെ വിശ്വസിയതയേയും അർജന്റീന പഴിച്ചിരിക്കണം. 

സമർദ്ദത്തിനു മുന്നിൽ അടിപതറുന്ന അർജന്റീനയുടെ ഭൂതകാല ചരിത്രം മനസിലാക്കിയെന്നവണ്ണമാകണം അവസാന 20 മിനിറ്റിലും അധിക സമയമായി ലഭിച്ച 10 മിനിറ്റിലും അർജന്റീനൻ താരങ്ങളെ പരമാവധി സമ്മർദ്ദത്തിലാക്കാനുള്ള ഗെയിം പ്ലാനും ഹെര്‍വേ റെനാര്‍ഡ് വിജയകരമായി നടപ്പാക്കിയത്.

ഒരു കളിയിൽ തോറ്റു എന്നതുകൊണ്ട് അർജന്റീനയുടെ ഗ്രൂപ്പ്‌ സാധ്യതകൾ ഇല്ലാതായി എന്ന് പറയാറായില്ല. തോൽവി തിരിച്ചടി തന്നെയാണെങ്കിലും തോൽ‌വിയിൽ തുടങ്ങി ജയിച്ച പാരമ്പര്യമാണ് അർജന്റീനക്കുള്ളത്. അര്‍ജന്റീന ഫൈനലിലെത്തിയ 1990 ലെ ലോകകപ്പിലും അവര്‍ ആദ്യ കളി തോറ്റാണ് തുടങ്ങിയത്.


ഗ്രൂപ്പ് സാധ്യതയിൽ ഒരു ജയത്തോടെ സൗദി ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ഇനിയൊരു ജയം കൂടി ഉണ്ടെങ്കില്‍ അവര്‍ പ്രീക്വാര്‍ട്ടറിലേക്ക് ഏകദേശം ഉറപ്പിക്കാം. വലിയ തോല്‍വികള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കുകയാകും സൗദി അടുത്ത കളികളില്‍ ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഗ്രൂപ്പില്‍ ഒരൊറ്റ സ്ഥാനം കൂടിയെ പ്രീക്വാര്‍ട്ടറിലേക്ക് ബാക്കിയുണ്ടാകൂ.

ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക അര്‍ജന്റീനയെയാകും. കാരണം, ഗ്രൂപ്പില്‍ മെസിയും സംഘവും ഇനി കളിക്കാനുള്ള ബാക്കി രണ്ട് ടീമുകളും അത്യാവശ്യം ശക്തരാണ്. മെക്‌സിക്കോ ലോകകപ്പുകളില്‍ മിന്നും പ്രകടനം നടത്തുന്ന ടീമാണ്. പോളണ്ടും മോശമല്ല. അതുകൊണ്ട് തന്നെ ഇനിയുള്ള രണ്ട് മല്‍സരങ്ങളും ലാറ്റിനമേരിക്കന്‍ വമ്പന്മാരെ സംബന്ധിച്ച് ഹൃദയമിടിപ്പ് കൂട്ടുന്നതാണ്.

അവസാനം കളിച്ച ഏഴു ലോകകപ്പുകളിലും മെക്‌സിക്കോ അവസാന പതിനാറില്‍ കടന്നിട്ടുണ്ട്. അവരെ തോല്‍പ്പിക്കുകയെന്നത് അത്ര എളുപ്പമല്ല. കാരണം, ഇപ്പോള്‍ തന്നെ സമ്മര്‍ദ്ദം അര്‍ജന്റീനയിലേക്ക് പടര്‍ന്നു കയറിയിട്ടുണ്ട്. അമിത സമ്മര്‍ദത്തില്‍ കളിക്കുമ്പോള്‍ മെസിയും സംഘവും പതറുന്നത് സമീപകാലത്ത് ഒരുപാട് കണ്ടിട്ടുള്ളതാണ്.

അര്‍ജന്റീനയുടെ മറ്റൊരു എതിരാളി പോളണ്ടാണ്. ഇതുവരെ ലോകകപ്പുകളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത് രണ്ടുതവണയാണ്. ഓരോ വിജയം വീതം ഇരുടീമുകളും സ്വന്തമാക്കി. അവസാനമായി അന്താരാഷ്ട്ര മല്‍സരത്തില്‍ പോളണ്ടിനെ നേരിട്ടപ്പോള്‍ 2-1ന് അര്‍ജന്റീന തോറ്റുവെന്നതും ശ്രദ്ധേയമാണ്. ഇരുടീമുകളും ഇതുവരെ 11 തവണ ഏറ്റുമുട്ടിയപ്പോള്‍ 6 തവണ അര്‍ജന്റീനയും മൂന്നില്‍ പോളണ്ടും ജയിച്ചു. രണ്ടെണ്ണം സമത്തില്‍ അവസാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.