മുംബൈ: മഹാത്മാ ഗാന്ധിയെ വധിക്കാന്‍ 'മികച്ച' തോക്ക് കണ്ടെത്താന്‍ നാഥുറാം ഗോഡ്‌സെയെ വി.ഡി സവര്‍ക്കര്‍ സഹായിച്ചെന്ന ആരോപണവുമായി ഗാന്ധിജിയുടെ മകന്റെ കൊച്ചുമകനായ തുഷാര്‍ ഗാന്ധി. രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളുടെ ചൂട് അടങ്ങും മുമ്പാണ് ട്വിറ്ററില്‍ തുഷാറിന്റെ ആരോപണം.
സവര്‍ക്കര്‍ ബ്രിട്ടിഷുകാരെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ക്കു മുന്നില്‍ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. കഴിഞ്ഞയാഴ്ച രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ തുഷാര്‍ പങ്കെടുത്തിരുന്നു.
സവര്‍ക്കര്‍ ബ്രിട്ടിഷുകാരെ മാത്രമല്ല, ബാപ്പുവിനെ വധിക്കാന്‍ മികച്ച തോക്ക് കണ്ടെത്താന്‍ ഗോഡ്‌സെയെയും സഹായിച്ചിട്ടുണ്ടെന്ന് തുഷാര്‍ പറഞ്ഞു. ബാപ്പുവിനെ വധിക്കുന്നതിനു രണ്ട് ദിവസം മുന്‍പു വരെ ഗോഡ്‌സെയുടെ പക്കല്‍ നല്ലയിനം തോക്ക് ഇല്ലായിരുന്നു. 1930 കളില്‍ ഗാന്ധിജിയെ വകവരുത്താന്‍ പലവട്ടം ശ്രമങ്ങള്‍ ഉണ്ടായി. വിദര്‍ഭയിലെ അകോളയില്‍ കൊലപ്പെടുത്താനുളള നീക്കം സംബന്ധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ പ്രബോധന്‍കര്‍ താക്കറെ നല്‍കിയ മുന്നറിയിപ്പ് ബാപ്പുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു.
ഗാന്ധിയെ വകവരുത്താനുള്ള ശ്രമങ്ങളില്‍ നിന്നു പിന്‍മാറാന്‍ സനാതനി ഹിന്ദു സംഘടനാ നേതാക്കളോട് പ്രബോധന്‍കര്‍ താക്കറെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. സവര്‍ക്കറും ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറും സനാതനി ഹിന്ദു നേതാക്കളായിരുന്നുവെന്നും തുഷാര്‍ വ്യക്തമാക്കി. ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പിതാവും ഉദ്ധവ് താക്കറെയുടെ മുത്തച്ഛനുമാണ് പ്രബോധന്‍കര്‍ താക്കറെ.
അതേസമയം തുഷാറിന്റെ ആരോപണങ്ങള്‍ ബിജെപി നേതാക്കള്‍ തള്ളി. ഗാന്ധി വധക്കേസില്‍ സവര്‍ക്കറെ കോടതി കുറ്റവിമുക്തനാക്കിയിട്ടുള്ളതാണെന്നും എന്നിട്ടും ചിലര്‍ അദ്ദേഹത്തെ അതിലേക്കു വലിച്ചിഴയ്ക്കുകയാണെന്നുമാണ് ബിജെപി വക്താവ് കേശവ് ഉപാധ്യായുടെ പക്ഷം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.