കൊച്ചി: വിമാന മാര്‍ഗമുള്ള ചരക്കു കയറ്റുമതിക്കു 18% ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ പഴം, പച്ചക്കറി കയറ്റുമതി വ്യവസായികള്‍ക്കു പ്രതിവര്‍ഷം നേരിടേണ്ടി വരുന്നത് ഏകദേശം 116 കോടി രൂപയുടെ അധികച്ചെലവ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒരു ടണ്‍ പച്ചക്കറി വിമാന മാര്‍ഗം അയയ്ക്കുന്നതിന് 16,200 രൂപയാണു ജിഎസ്ടി.
പ്രതിമാസം വിമാനം കയറുന്നത് ഏകദേശം 6000 ടണ്‍, വര്‍ഷം 72,000 ടണ്ണും. യൂറോപ്പിലേക്കും കേരളത്തില്‍ നിന്നു പഴങ്ങളും പച്ചക്കറിയും കുറഞ്ഞ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പ്രത്യേകിച്ചു ജര്‍മനി പോലുള്ള രാജ്യങ്ങളിലേക്ക്. ജിഎസ്ടി വന്നതോടെ യൂറോപ്പിലേക്ക് ഒരു ടണ്‍ പച്ചക്കറി കയറ്റുമതി ചെയ്യുന്നതിന് ഏകദേശം 41,400 രൂപയാണ് അധികച്ചെലവ്.
ജിഎസ്ടി അധികച്ചെലവു മൂലം ഗള്‍ഫ്, യൂറോപ്യന്‍ വിപണികളില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ വില ഉയരും. സ്വാഭാവികമായും കുറഞ്ഞ വിലയില്‍ മറ്റു രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന ഉല്‍പന്നങ്ങളിലേക്ക് അവര്‍ തിരിയും. ശ്രീലങ്ക, തായ്ലന്‍ഡ്, പാക്കിസ്ഥാന്‍, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളാണു കുറഞ്ഞ വിലയില്‍ ഗള്‍ഫില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത്. തേങ്ങ ശ്രീലങ്കയില്‍ നിന്നും പഴങ്ങള്‍ ഫിലിപ്പീന്‍സില്‍ നിന്നും എത്തുന്നതു വലിയ വെല്ലുവിളിയാണ്. കയറ്റുമതി കുറഞ്ഞാല്‍ രാജ്യത്തിനു നഷ്ടമാകുന്നതു കോടികളുടെ വിദേശ നാണ്യമാണ്.
അതേസമയം സമുദ്ര മാര്‍ഗമുള്ള കയറ്റുമതിക്ക് 5% ജിഎസ്ടിയാണു നല്‍കേണ്ടത്. കൂടുതല്‍ കയറ്റുമതിയും നടക്കുന്നതു കടല്‍ വഴിയായതിനാല്‍ എല്ലാ വിഭാഗം കയറ്റുമതിക്കാരും അധികച്ചെലവു ചുമക്കേണ്ടി വരും. ജിഎസ്ടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ധന, വാണിജ്യ മന്ത്രാലയങ്ങളെ വാണിജ്യ സംഘടനകള്‍ ആശങ്ക അറിയിച്ചെങ്കിലും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.