മണ്ണിടിഞ്ഞു മനസ്സിടിഞ്ഞു ; എന്നാൽ ദൈവം നീട്ടിയ വിരൽത്തുമ്പ് അവന്റെ രക്ഷയായി

മണ്ണിടിഞ്ഞു മനസ്സിടിഞ്ഞു ; എന്നാൽ ദൈവം നീട്ടിയ വിരൽത്തുമ്പ് അവന്റെ രക്ഷയായി

2018 ലെ പ്രളയക്കെടുതിക്കാലത്തു കേരളത്തിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി . അക്കാലത്തു മൂന്നാറിൽ ഉണ്ടായ ഒരു മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട്‌ എഴുതിയ ഒരു കുറിപ്പ് ആണ് ഇത് .അന്ന് മൂന്നാറിലെ മിസ്റ്റി മൗണ്ടൻ എന്ന ഹോട്ടലിന്റെ മാനേജരും ഇന്ന് വിസ്‌പെറിംഗ് മെഡോസ് ​എന്ന റിസോർട് നടത്തുകയും ചെയുന്ന ജെയിംസ് തന്റെ കണ്മുൻപിൽ കണ്ട കാര്യങ്ങളും തന്റെ അനുഭവങ്ങളും പങ്കുവക്കുന്നു .

"എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസത്തെപ്പറ്റിയാണ് ഞാൻ ഇവിടെ പങ്കുവയ്ക്കാൻ പോകുന്നത് . 2018ലെ പ്രളയകാലം ഓർമ്മയുണ്ടല്ലോ ആ ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി . ഓഗസ്റ്റ് 15ന് മൂന്നാറിൽ ഉണ്ടായ ഒരു മണ്ണിടിച്ചിലിൽ, എന്റെ ഹോട്ടലിനോട് ചേർന്നുള്ള കെട്ടിടം ഏകദേശം 100മീറ്ററോളം താഴ്ചയിലേക്ക് വീണു. ആ കെട്ടിടം തകർന്നു മണ്ണിനടിയിൽ പുതഞ്ഞു പോയിരുന്നു. കനത്ത മഴയും കരച്ചിലും മാത്രം എല്ലായിടത്തും. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയില്ല. അടുത്തതു ഒരുപക്ഷേ എന്റെ ഹോട്ടൽ കെട്ടിടം ആകുമോ? ഹോട്ടലിൽ ഉള്ള ഗസ്റ്റുകളും സ്റ്റാഫുകളും ഭീതിയോടെ എന്റെ മുൻപിൽ വന്നു നിന്നു.

അപ്പോൾ താഴെ തേയില തോട്ടത്തിൽ വീണ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നവരുടെ നിലവിളി ഞങ്ങൾ കേട്ടു. എന്റെ സ്റ്റാഫ് മുഴുവൻ സഹായിക്കാൻ തയാറായി വന്നു . അവരെ താഴേക്കു വിട്ടിട്ടു ഫയർഫോഴ്‌സിനെയും പോലീസ് ഡിപ്പാർട്‌മെന്റുകളെയും വിവരം അറിയിച്ചിട്ട് ഞാനും താഴേക്ക് ഓടി . അവിടെ ആദ്യം കണ്ട ആളെ എടുത്തു മുകളിൽ കൊണ്ടുവന്നു. എന്റെ കാറിൽ മറ്റൊരാളെ കൂട്ടി ഹോസ്പിറ്റലിൽ വിട്ടു. 5മിനിറ്റ് കഴിഞ്ഞു ഒരാളെക്കൂടി കിട്ടി. അദ്ദേഹത്തെയും മുകളിൽ എത്തിച്ചു അടുത്ത വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് അയച്ചു. അപ്പോഴും മണ്ണിനടിയിൽ നിന്നും കരച്ചിൽ കേൾക്കാമായിരുന്നു. സാധാരണ മണ്ണിടിഞ്ഞാൽ പുറകെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവും. അങ്ങനെ വന്നാൽ ഞാനും എന്റെ സ്റ്റാഫും മണ്ണിനടിയിൽ ആകും. ആ ഭയം ഒരു വശത്ത്, മണ്ണിനടിയിൽനിന്നുള്ള കരച്ചിൽ മറു വശത്ത് . കരച്ചിൽ കേൾക്കാമെങ്കിലും ആളെ കാണാനാകുമായിരുന്നില്ല. കുറേ നേരത്തെ പ്രയത്നത്തിനുശേഷം മണ്ണെല്ലാം മാറ്റി ആളെ കണ്ടുകിട്ടിയെങ്കിലും കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയിൽ കുടുങ്ങി കിടക്കുകയായിരുന്നു.

ഫയർ ഫോഴ്സിനുവേണ്ടിയുള്ള കാത്തിരിപ്പായി . ഫയർഫോഴ്‌സും പോലീസും എത്തി ആളെ പുറത്തെടുത്തപ്പോഴേയ്ക്കും അയാൾ അബോധാവസ്ഥയിലായിരുന്നു. എത്രയും വേഗം അയാളെ ആശുപത്രിയിൽ എത്തിച്ചു . ആളുടെ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ശരീരം പൂർണമായും തളർന്നു പോയിരുന്നു . എറണാകുളത്തു ജോലിചെയ്യുന്ന ഒരു ഡ്രൈവർ ആയിരുന്നു അയാൾ . പ്രായമുള്ള അപ്പനും അമ്മയും ഭാര്യയും മോനും അടങ്ങുന്ന കുടുംബമാണ് അയാളുടേത് . ആ കുടുംബത്തിന്റെ ഏക ആശ്രയമാണ് അയാൾ. ചികിത്സകൾ പലതു നടത്തി. പല നല്ല മനസുകളും സഹായിച്ചു. ഞാൻ മുൻകൈയെടുത്തു മുന്നാറിലുള്ള ഹോട്ടലുകളെ സമീപിച്ച് സഹായാഭ്യര്ഥന നടത്തി. എല്ലാവരുടെയും ഉദാരമായ സഹായം നന്ദിയോടെ ഓർക്കുന്നു .

സംസാരിക്കാനും ഒരു കൈ അനക്കാനും മാത്രമേ അവനു ആകുമായിരുന്നുള്ളു. ഞാൻ അന്ന് വീട്ടിൽ ചെന്നപ്പോൾ അവൻ എന്നോട് പറഞ്ഞു. സർ ഇനി വണ്ടി ഓടിക്കാൻ ദൈവം എന്നെ അനുവദിച്ചാൽ ആദ്യം ഞാൻ സാറിന്റെ അടുത്ത് വന്നതിനു ശേഷം മാത്രമേ എവിടെയും പോകുകയുള്ളു എന്ന്. അവനെ ആശ്വസിപ്പിച്ചു ഞങ്ങൾ ആ വീട്ടിൽ നിന്നും ഇറങ്ങി. ഇടയ്ക്കു വിളിച്ചു വിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. നല്ല പുരോഗതി ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു .

പിന്നീട് അവൻ അന്ന് പറഞ്ഞ വാക്ക് പാലിക്കാൻ എന്നെ കാണാൻ വന്നു, ഒരു വർഷത്തിന് ശേഷം , 2019 നവംബർ 4ന് . വളരെ അപ്രതീക്ഷിതമായി അവൻ എന്റെ മുൻപിൽ കൂപ്പുകൈകളോടെ വന്ന് നിന്നപ്പോൾ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെയും അവന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി, ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും കണ്ണീരായിരുന്നു അത് .


(ചിത്രത്തിൽ വലതു വശത്ത് നില്ക്കുന്നതാണ് ജയിംസ്.)

ഒരു നിമിഷം ഞാൻ ചിന്തിച്ചു, അന്ന് ഞങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഇറങ്ങാതെ സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ ചെറുപ്പക്കാരൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഞങ്ങൾ അവന്റെ അരികിൽ എത്തുമ്പോൾ ശ്വാസം കിട്ടാതെ അവൻ വിഷമിച്ചു തുടങ്ങിയിരുന്നു എന്ന് അവൻ പിന്നീട് പറഞ്ഞു.  അന്ന് തന്റേടത്തോടെ ആ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ എനിക്ക് പ്രചോദനം നൽകിയ ദൈവത്തിന് ഞങ്ങൾ രണ്ട് പേരും നന്ദി പറഞ്ഞു."


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26