ന്യൂയോർക്: ഭരണകൂടത്തിനെതിരെ പ്രക്ഷോഭം രൂക്ഷമായ ഇറാനിലെ സ്ഥിതി ഗുരുതരമാണെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ. രാജ്യത്ത് മൂന്ന് മാസമായി തുടരുന്ന പ്രക്ഷോഭത്തെ തുടർന്നുണ്ടാകുന്ന കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അഗാധമായ ആശങ്കയുണ്ടെന്ന് യുനിസെഫും വ്യക്തമാക്കി.
പ്രതിഷേധങ്ങളോട് ക്രൂരമായി പ്രതികരിക്കുന്ന ഇറാനിയൻ അധികാരികളുമായി യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ചർച്ച ചെയ്തു. വാരാന്ത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ രണ്ട് കുട്ടികൾ ഉൾപ്പെടെ രാജ്യത്ത് സംഭവിക്കുന്ന ദാരുണ മരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ഇറാനിലുടനീളം സ്ഥിതി എത്രത്തോളം ഗുരുതരമായി മാറിയെന്ന് പുറംലോകത്തിന് വ്യക്തമാക്കിത്തരുന്നതായി യുഎൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 ലധികം പേരുടെ ജീവനാണ് പ്രകടനങ്ങൾക്കിടയിൽ പൊലിഞ്ഞുപോയത്. തുടർച്ചയായി രാജ്യത്ത് പണിമുടക്കുകളും സമരങ്ങളും റിപ്പോർട്ട് ചെയ്യുന്നത് ഭരണത്തിന്മേൽ സമ്മർദ്ദം വർദ്ധിക്കുന്നതിന്റെ സൂചനയയാണ് യുഎൻ കാണുന്നത്.
ഈ ആഴ്ച അവസാനം ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രതിഷേധത്തെക്കുറിച്ച് ചർച്ച നടത്തും. കഴിഞ്ഞയാഴ്ച, ഇറാനിലെ കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും തടവിലാക്കപ്പെടുകയും ചെയ്യുന്നുവെന്ന റിപ്പോർട്ടുകളിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് യുനിസെഫ് പറഞ്ഞു.
ഔദ്യോഗിക വിവരങ്ങളുടെ അഭാവം ഉണ്ടെങ്കിലും സെപ്തംബർ അവസാനം മുതൽ ഏകദേശം 50 കുട്ടികൾക്ക് രാജ്യത്ത് പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇറാനിലെ സ്ഥിതി ഭയാനകമാണെന്നും ഉടൻ നിർത്തണമെന്നും യുനിസെഫ് വ്യക്തമാക്കി. രാജ്യത്തെ ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് പോലീസ് തടങ്കലിൽ വച്ചിരുന്ന മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് സെപ്റ്റംബർ പകുതിയോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
അതിനിടെ ഫോർഡോ ആണവകേന്ദ്രത്തിൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് 60 ശതമാനമായി ഉയർത്തിയെന്ന് ഇറാൻ അന്താരാഷ്ട്രാ ആണവോർജ ഏജൻസിയെ അറിയിച്ചിരുന്നു. ഇറാനെ ലക്ഷ്യമിടുന്ന പ്രമേയം ഏജൻസി പാസാക്കിയതിന് മറുപടിയായിട്ടായിരുന്നു ഈ നീക്കം. ഇതും ആശങ്ക ഉയർത്തുന്നതാണെന്നും യുനിസെഫ് വ്യക്തമാക്കി.
90 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെങ്കിൽ ആണവായുധം ഉണ്ടാക്കാനാകും. ഇറാനിലെ മൂന്നു രഹസ്യകേന്ദ്രങ്ങളിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിൽ അന്വേഷണം നടത്താൻ സഹകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് ഏജൻസി വ്യഴാഴ്ച പാസാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.