മംഗളൂരു സ്‌ഫോടനത്തില്‍ കേരള ബന്ധം; ആസൂത്രണം ചെയ്തത് കൊച്ചിയിലും മധുരയിലും വച്ചെന്ന് കര്‍ണാടക പൊലീസ്

മംഗളൂരു സ്‌ഫോടനത്തില്‍ കേരള ബന്ധം; ആസൂത്രണം ചെയ്തത് കൊച്ചിയിലും മധുരയിലും വച്ചെന്ന് കര്‍ണാടക പൊലീസ്

മംഗളൂരു: മംഗലാപുരം സ്‌ഫോടന കേസ് പ്രതികള്‍ക്ക് കേരള ബന്ധമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും ഡിജിപി പ്രവീണ്‍ സൂദും. പ്രതികള്‍ സ്‌ഫോടനത്തിനുള്ള ഗൂഢാലോചന നടത്തിയത് കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയാണ്. കൊച്ചിയിലും മധുരയിലുമായാണ് ആസൂത്രണം നടന്നതെന്നും ഇരുവരും വ്യക്തമാക്കി.

പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് കേരളത്തിലേക്കും എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചു. എന്‍ഐഎയും വിശദമായ അന്വേഷണം തുടങ്ങി. സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്നും പൊലീസ് കണ്ടെത്തി.

സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കൂടിക്കാഴ്ച നടത്തി.

തമിഴ്‌നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ് സ്റ്റാന്‍ഡില്‍ സമാനമായ സ്‌ഫോടനത്തിന് സംഘം പദ്ധതി ഇട്ടിരുന്നതായും പൊലീസ് കണ്ടെത്തി.

ദുബായില്‍ നിന്ന് ഇരുവര്‍ക്കും താഹ പണം അയച്ചതിന്റെ വിവരങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വ്യാജ ആധാര്‍കാര്‍ഡും കോയമ്പത്തൂരില്‍ നിന്ന് സംഘടിപ്പിച്ച സിം ഉപയോഗിച്ചായിരുന്നു ഷാരിഖിന്റെ പ്രവര്‍ത്തനം.

ഇഷ ഫൗണ്ടേഷന്‍ എന്ന പേരിലൊരു വ്യാജ ഗ്രൂപ്പിലൂടെയായിരുന്നു പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി മൈസൂരുവിലെ വാടവീട്ടില്‍ വച്ചാണ് ബോംബ് നിര്‍മ്മിച്ചത്. വലിയ സ്‌ഫോടനം ലക്ഷ്യമിട്ട് പ്രഷര്‍ കുക്കര്‍ ബോംബുമായി ബസില്‍ മംഗലാപുരത്തെത്തി. അവിടെ നിന്ന് ഓട്ടോയില്‍ പോകുന്നതിനിടെയായിരുന്നു സ്‌ഫോടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.