മഞ്ചേരി: മലപ്പുറം ജില്ലയില്‍ അഞ്ചാം പനി വ്യാപിക്കുന്നു. പ്രതിരോധത്തിനായി കൂടുതല്‍ വാക്സീനുകള്‍ ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. രോഗ പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. തുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
യോഗത്തിന് ശേഷം ഏതൊക്കെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം എന്നതടക്കമുളള കാര്യങ്ങള്‍ തീരുമാനിക്കുക. ജില്ലയില്‍ 130 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. നാളെ നടക്കുന്ന ജില്ലാ വികസന സമിതി യോഗം പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യും. വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെയടക്കം ബോധവല്‍ക്കരണം നല്‍കി വാക്സില്‍ നല്‍കാനുളള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ലക്ഷണങ്ങളും ചികിത്സയും
രാജ്യത്ത് അഞ്ചാംപനി വ്യാപിക്കുകയാണ്. കേരളത്തിലും ഈ പനി ഇപ്പോള്‍ പകരുകയാണ്. കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയില്‍ നിന്നു പകര്‍ന്നു കിട്ടിയ ആന്റിബോഡീസ് ശരീരത്തില്‍ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളില്‍ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിര്‍ന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.
ലക്ഷണങ്ങള്‍
പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. അതുകഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പാടുകള്‍ കാണപ്പെടും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം.
ചികിത്സ
കുട്ടികള്‍ക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോള്‍ മീസില്‍സ് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കണം. കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് ഒന്‍പത് മാസം തികയുമ്പോള്‍ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം. രണ്ടാമത്തെ ഡോസ് ഒന്നരവയസ് മുതല്‍ രണ്ടുവയസാവുന്നത് വരെയുള്ള പ്രായത്തില്‍ ചെയ്യാം. വലതു കൈയിലാണ് ഈ കുത്തിവെപ്പ്.
വളരെ അപൂര്‍വമായി കുത്തിവെപ്പിന് ശേഷം ചെറിയ പനിയോ ദേഹത്തു പൊടുപ്പോ ഉണ്ടാകാം. തീര്‍ത്തും പേടിക്കേണ്ടാത്തവ. രോഗപകര്‍ച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളില്‍ കിടത്തി വേണ്ടത്ര വിശ്രമം നല്‍കണം. ആവശ്യാനുസരണം വെളളവും പഴവര്‍ഗങ്ങളും നല്‍കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.