തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതി ലംഘിച്ചുകൊണ്ടുള്ള പരിപാടികളാണെന്ന് കെപിസിസി അച്ചടക്കസമിതിയുടെ നിരീക്ഷണം. തരൂര്‍ നടത്തിയതു പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണെന്ന അഭിപ്രായം അച്ചടക്കസമിതിക്കില്ലെങ്കിലും പാര്‍ട്ടിഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തരപ്രവര്‍ത്തനമാണെന്നും വിഭാഗീയ പ്രവര്‍ത്തനമാണെന്നുമുള്ള തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതനായ സമിതി നിരീക്ഷിച്ചു.
പാര്‍ട്ടി സംവിധാനങ്ങള്‍ക്കും രീതിക്കും വിധേയമായി വേണം പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ശശി തരൂരിന് നല്‍കാന്‍ സമിതി നിര്‍ദേശിച്ചു. ഇക്കാര്യം രേഖാമൂലം നല്‍കാനാണ് കെപിസിസിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഏതു പരിപാടിക്കുമുള്ള ക്ഷണം പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ശശി തരൂരിനു സ്വീകരിക്കാം. അതില്‍ പങ്കെടുക്കുകയും ചെയ്യാം. എന്നാല്‍, പരിപാടി നടക്കുന്ന ജില്ലയിലെ ഡി.സി.സി. അറിയണം. പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതിയാണിത്. മുതിര്‍ന്ന നേതാക്കളടക്കം ഇതു പാലിക്കാറുണ്ട്. തരൂരിന്റെ മലബാര്‍ പര്യടനവും മറ്റും സമാന്തര പ്രവര്‍ത്തനമാണെന്ന ചിന്തയുണ്ടാക്കാന്‍ ഇടയായെന്ന് അച്ചടക്കസമിതി വിലയിരുത്തി.
പര്യടനത്തെക്കുറിച്ച് ഒട്ടേറെ പരാതികള്‍ കെ.പി.സി.സി. അച്ചടക്ക സമിതിക്കു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം ചേര്‍ന്നത്. തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനം വിളിച്ചെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു.
തരൂരിന്റെ പിന്നില്‍ മറ്റ് അജന്‍ഡകളുണ്ടോയെന്ന് കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നത്. ദേശീയ നേതൃത്വവും തരൂരിന്റെ നീക്കങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയാണ്. ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയതിന്റെ ഭാഗമായല്ല തരൂര്‍ സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഇതാണ് സംസ്ഥാന നേതാക്കള്‍ക്ക് സംശയത്തിന്റെ കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.