ഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകം: പ്രതി പൊതുപ്രവര്‍ത്തകനായ അയല്‍വാസി; കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ

ഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകം: പ്രതി പൊതുപ്രവര്‍ത്തകനായ അയല്‍വാസി; കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ

ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയായ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ. വെള്ളം ചോദിച്ച് വീട്ടിലെത്തിയ അയൽവാസിയായ പൊതുപ്രവർത്തകൻ വെട്ടിയാങ്കൽ സജിയാണ് കൊലപാതകം നടത്തിയത്. മോഷണത്തിനായാണ് കൊലപാതകമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

വീട്ടമ്മയുടെ ശരീരത്തിലുണ്ടായ ആഭരണം കവർന്നെടുക്കുകയും, അത് പണയം വെച്ച് ലഭിച്ച 125000 രൂപ ഉപയോഗിച്ച് നാടുവിടാൻ ശ്രമിക്കുന്നതിനിടെ കമ്പം ബസ് സ്റ്റാൻഡിൽനിന്നാണ് കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം 48 മണിക്കൂറിനുള്ളിലാണ് പൊലീസ് തെളിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.

ചിന്നമ്മയുടെ വീടിനടുത്തു താമസിക്കുന്ന അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ് വെട്ടിയാങ്കൽ സജി എന്നറിയപ്പെടുന്ന തോമസ് വർഗീസ്. നവംബർ 23ന് ഉച്ചയ്ക്ക് 12.30ഓടെ പ്രതി ചിന്നമ്മയുടെ വീട്ടിലെത്തി. അലക്കിക്കൊണ്ടുനിന്ന ചിന്നമ്മയോട് പ്രതി കുടിക്കാൻ വെള്ളം ചോദിച്ചു. കയറിയിരിക്കാൻ പറഞ്ഞശേഷം അടുക്കളയിലേക്ക് പോയ ചിന്നമ്മയുടെ പിന്നാലെ എത്തിയ പ്രതി അവിടെയുണ്ടായിരുന്ന കൊരണ്ടിപ്പലക ഉപയോഗിച്ച് ചിന്നമ്മയുടെ തലയിലും ശരീരത്തിലും ശക്തമായി അടിച്ചു. ഇതേത്തുടർന്ന് പ്രതിരോധിക്കാനായി കറിക്കത്തിയെടുത്തെങ്കിലും കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള പ്രതി വീട്ടമ്മയെ അടിച്ചുവീഴ്ത്തി. അതിനുശേഷം അവിടെയുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

ബോധരഹിതയായി വീണ ചിന്നമ്മയുടെ ദേഹത്ത് തുണികളും പുസ്തകങ്ങളും ഇട്ടശേഷം ഗ്യാസ് സിലിണ്ടറിന്‍റെ ഹോസ് മുറിച്ചശേഷം തീകൊളുത്തുകയുമായിരുന്നു. തീകത്തിക്കുന്നതിന് മുമ്പ് ചിന്നമ്മയുടെ ശരീരത്തിൽ ഉണ്ടായിരുന്ന മലയും വളയും ഊരിയെടുത്തതായും പ്രതി പറഞ്ഞു. സ്വർണാഭരണം പണയംവെച്ച് ലഭിച്ച 125000 രൂപയുമായി നാട് വിടാൻ ശ്രമിക്കുന്നതിനിടെയാണ് കമ്പം ബസ് സ്റ്റാൻഡിൽനിന്ന് പ്രതി പിടിയിലായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.