സോളാര്‍ പീഡന കേസ്: പരാതിക്ക് അടിസ്ഥാനമില്ല; അടൂര്‍ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ

സോളാര്‍ പീഡന കേസ്: പരാതിക്ക് അടിസ്ഥാനമില്ല; അടൂര്‍ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിക്കെതിരെ റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനങ്ങളും ഉണ്ടെന്നാണ് സൂചന.

വന്‍ വിവാദമായ സോളാര്‍ ലൈംഗിക പീഡന കേസില്‍ ഇത് രണ്ടാമത്തെ രാഷ്ട്രീയ നേതാവിനാണ് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുന്നത്. നേരത്തെ ഹൈബി ഈഡന്‍ എംപിക്കെതിരായ ആരോപണങ്ങളും തള്ളിയിരുന്നു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിമാന ടിക്കറ്റ് അയച്ച് ബംഗളൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സിബിഐ വിലയിരുത്തി.

ബംഗളൂരൂവില്‍ അടൂര്‍ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ചു കൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല. അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍ ചേര്‍ത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ വന്ന പീഡന വിവാദ പരാതിയില്‍ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയത്.

ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍, എ.പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ക്കെതിരായ കേസുകളിലാണ് ഇനി റിപ്പോര്‍ട്ട് നല്‍കാനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.