ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍; സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചത് ഒരു ഗോളിന്

ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍; സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചത് ഒരു ഗോളിന്

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രതിരോധം കൊണ്ട് കരുത്തു കാട്ടുകയും ഒറ്റപ്പെട്ട ആക്രമണം കൊണ്ട് ചിലപ്പോഴൊക്കെ വിറപ്പിക്കുകയും ചെയ്ത സ്വിറ്റ്‌സര്‍ലഡിനെ ഒരു ഗോളിന് മറികടന്നാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചത്. ബ്രസീലിന് വേണ്ടി ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസിമിറോയാണ് ബ്രസീലിന് വിജയ ഗോള്‍ സമ്മാനിച്ചത്.

സ്‌ട്രൈക്കര്‍മാര്‍ അവസരങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുത്തി സമനിലയിലേയ്ക്ക് നീങ്ങിയ മത്സരത്തിന്റെ എണ്‍പത്തിമൂന്നാം മിനിറ്റിലായിരുന്നു കാസിമിറോയുടെ മനോഹരമായ ഗോള്‍ പിറന്നത്. നേരത്തെ വിനീഷ്യസ് ജൂനിയര്‍ ഒരു വല കുലുക്കിയെങ്കിലും റിച്ചാര്‍ലിസണ്‍ ഓഫ് ആയതിനെ തുടര്‍ന്ന് അത് പാഴായി.

സൂപ്പര്‍ താരം നെയ്മറില്ലാതെ തുടര്‍ച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിനെ കാഴ്ച്ചക്കാരാക്കി മാറ്റിയ സ്വിറ്റ്സര്‍ലന്‍ഡിനെയാണ് ആദ്യ പകുതിയില്‍ കണ്ടത്. കളി നിയന്ത്രിച്ചെന്നു മാത്രമല്ല ഒട്ടേറെ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും സ്വിറ്റ്സര്‍ലന്‍ഡിന് സാധിച്ചു. പക്ഷെ ഒന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.

27-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പിറന്നത്. ബ്രസീലിന്റെ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. 31-ാം മിനിറ്റില്‍ റാഫീന്യയുടെ മികച്ച ലോങ് റേഞ്ചര്‍ യാന്‍ സോമര്‍ കൈയ്യിലൊതുക്കി. പിന്നാലെ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പക്വെറ്റയ്ക്ക് പകരം ബ്രസീല്‍ റോഡ്രിഗോയെ ഇറക്കി. ഇരു ടീമുകളും ആക്രമിച്ച രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങില്‍ ഇരുകൂട്ടര്‍ക്കും പിഴച്ചു. 64-ാം മിനിറ്റില്‍ ബ്രസീല്‍ ഗോളടിച്ചെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിച്ചു. കാസിമിറോയുടെ പാസില്‍ വിനീഷ്യസ് ജൂനിയറാണ് വല കുലുക്കിയത്. ഗോള്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് വാറിലൂടെ രംഗം പുനഃപരിശോധിച്ചപ്പോള്‍ റഫറി ഗോള്‍ നിരസിച്ചു.

ബ്രസീല്‍ ആക്രമണത്തിന്റെ ശക്തി കൂട്ടാനായി 73-ാം മിനിറ്റില്‍ റാഫീന്യയെയും റിച്ചാര്‍ലിസണെയും പിന്‍വലിച്ച് പകരം ആന്റണിയെയും ഗബ്രിയേല്‍ ജെസ്യൂസിനെയും കൊണ്ടുവന്നു. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ ബ്രസീല്‍ ആരാധകരെ സന്തോഷക്കൊടുമുടിയിലെത്തിച്ചുകൊണ്ട് കാസിമിറോ കാനറികള്‍ക്ക് വേണ്ടി ഗോളടിച്ചു. വിനീഷ്യസ് നല്‍കിയ പാസ് റോഡ്രിഗോ കാസെമിറോയ്ക്ക് മറിച്ചുനല്‍കി. കിട്ടിയ അവസരം മുതലെടുത്ത കാസിമിറോ തൊടുത്തുവിട്ട വെടിയുണ്ട പോലുള്ള ഷോട്ട് സ്വിസ് പ്രതിരോധം ഭേദിച്ച് ഗോള്‍വല കീഴടക്കി.

രണ്ട് മാറ്റങ്ങളാണ് പരിശീലകന്‍ ടിറ്റെ ടീമില്‍ വരുത്തിയത്. നെയ്മര്‍ക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും ടീമിലിടം നേടി. മറുവശത്ത് സ്വിറ്റ്സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷാക്കിരിയ്ക്ക് പകരം ഫാബിയാന്‍ റീഡര്‍ക്ക് അവസരം നല്‍കി. ജയത്തോടെ ആറു പോയിന്റുമായി ബ്രസീല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സ്വിറ്റ്‌സര്‍ലന്‍ഡ് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.