ഗുജറാത്തില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഗുജറാത്തില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

അഹമ്മദാബാദ്: 89 സീറ്റുകളിലേക്കുള്ള ഗുജറാത്തിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. അമിത് ഷായുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രിമാരെയും എത്തിച്ച് വൻ പ്രചാരണമാണ് ബിജെപി നടത്തിയത്. ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകി രാഹുൽ ഗാന്ധി ഒരു ദിവസം ഗുജറാത്തിൽ പ്രചാരണത്തിന് എത്തിയിരുന്നു. 

പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ മല്ലികാർജുൻ ഖാർഗെ രണ്ടുദിവസം തിരഞ്ഞെടുപ്പ് റാലികൾ നടത്തിയത് ഒഴിച്ചാൽ വമ്പൻ റാലികൾ നടത്തിയുള്ള പ്രചാരണ രീതി ആയിരുന്നില്ല കോൺഗ്രസ് സ്വീകരിച്ചത്. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നാടിളക്കി മറച്ചുള്ള പ്രചാരണമാണ് നടത്തിയത്. ഭഗവത് മന്നിന്റെ നേതൃത്വത്തിൽ പഞ്ചാബ് മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിന് എത്തി.

അതിനിടെ, ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടിയായി മുൻ മന്ത്രി കോൺഗ്രസിൽ ചേർന്നു. ഗുജറാത്തിലെ പ്രമുഖ നേതാവും മുൻമന്ത്രിയുമായ ജയ നാരായൺ വ്യാസാണ് കോൺഗ്രസിൽ ചേർന്നത്. ഏറെ നാളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വ്യാസിന് ഇക്കുറി സീറ്റ് നൽകിയിരുന്നില്ല. ഇതോടെ കലഹം മൂത്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാസ് പാർട്ടി വിട്ട് കോൺഗ്രസ് പാളയത്തിലെത്തിയത്.

പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്‍റെ കോൺഗ്രസ് പ്രവേശനം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഖാർഗെയ്ക്കൊപ്പം വേദിയിലുണ്ടായിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു വ്യാസ്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ മുൻ മന്ത്രി കൂടി പാളയം മാറിയെത്തിയത് ഗുണമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബർ ഒന്നിന് ആദ്യഘട്ട തിരഞ്ഞെടുപ്പും ഡിസംബ‌ർ അഞ്ചിന് രണ്ടാംഘട്ട തിരഞ്ഞെടുപ്പും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ. എന്നാല്‍ ഇക്കുറി ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും ഭരണത്തിൽ തിരിച്ചെത്തുമെന്നുമാണ് കോണ്‍ഗ്രസ് അവകാശവാദം. അതേസമയം തന്നെ അട്ടിമറി വിജയം സ്വപ്നം കണ്ട് ആം ആദ്മിയും വലിയ പോരാട്ടമാണ് പുറത്തെടുക്കുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.