അടിച്ചത് ബ്രൂണോ, ആഘോഷിച്ചത് റോണോ; ഒടുവില്‍ സ്ഥിരീകരണവുമായി ഫിഫ

അടിച്ചത് ബ്രൂണോ, ആഘോഷിച്ചത് റോണോ; ഒടുവില്‍ സ്ഥിരീകരണവുമായി ഫിഫ

ദോഹ: ഗോളടിച്ചത് ബ്രൂണോ ഫെര്‍ണാണ്ടസ് ആണങ്കിലും അത് ആഘോഷിച്ചതോ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. യുറുഗ്വായ്ക്കെതിരായ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ച പോര്‍ച്ചുഗലിന്റെ ഗോളാണ് എല്ലാത്തിനും കാരണം.

ഗോള്‍ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 54-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ യുറുഗ്വായ്ക്കെതിരേ ഗോളടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഗോളടിച്ചത് എന്നാണ് ഏവരും കരുതിയത്. ഗോള്‍ നേട്ടം റൊണാള്‍ഡോ തനത് ശൈലിയില്‍ വലിയ ആഘോഷമാക്കുകയും ചെയ്തു. ഫിഫ വരെ ഗോളിന്റെ അവകാശം സൂപ്പര്‍ താരത്തിന് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.

എന്നാല്‍ സംഗതി പുനപരിശോധിച്ചപ്പോഴാണ് ഗോളിന്റെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് മനസിലായത്. ബ്രൂണോയുടെ ക്രോസിന് റൊണാള്‍ഡോ ഹെഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് താരത്തിന്റെ തലയില്‍ തട്ടാതെ യുറുഗ്വായ് വലയില്‍ കയറുകയായിരുന്നു. അമളി മനസിലാക്കിയ ഫിഫ മിനിറ്റുകള്‍ക്ക് ശേഷം തെറ്റുതിരുത്തി. ഗോളിന്റെ അവകാശം റൊണാള്‍ഡോയില്‍ നിന്ന് ബ്രൂണോയ്ക്ക് നല്‍കുകയും ചെയ്തു.

സംഗതി നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു. ഗോളടിച്ചില്ലെന്ന് അറിഞ്ഞിട്ടും റൊണാള്‍ഡോ എന്തിന് അത് ആഘോഷിച്ചു എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. റൊണാള്‍ഡോയെ വിമര്‍ശിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. എന്നാല്‍ ചിലര്‍ റൊണാള്‍ഡോ പന്ത് തൊട്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്തായാലും ഈ ഗോള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.