റിയാദ്: സൗദി അറേബ്യയിൽ പുതിയ വിമാനത്താവളം പ്രധാനമന്ത്രിയും കിരീടാവകാശിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. പുതിയ വിമാനത്താവളത്തിനും ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. റിയാദ് കേന്ദ്രമായി പ്രവർത്തിക്കാൻ പോകുന്ന കിംഗ് സൽമാൻ അന്തർദേശീയ വിമാനത്താവളത്തിന്‍റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്‍റ് അഫയേഴ്‌സിന്റെയും (സി.ഇ.ഡി.എ) പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും (പി.ഐ.എഫ്) ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചുത്.
പുതിയ വിമാനത്താവളം സൗദിയുടെ തലസ്ഥാനത്തേക്കും തിരിച്ചും അന്തർദേശീയ യാത്ര സുഗമമാക്കുന്നത് കൂടാതെ ചരക്ക് നീക്കത്തിന്‍റെ ആഗോള കേന്ദ്രമെന്ന റിയാദിന്‍റെ സ്ഥാനം ഉയർത്തുകയുംചെയ്യും. കൂടാതെ വ്യാപാരം, ടൂറിസം എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. റിയാദിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 നഗര സമ്പദ് വ്യവസ്ഥകളിലൊന്നാക്കി മാറ്റുക എന്നതാണ് വിമാനത്താവള പദ്ധതിയുടെ ലക്ഷ്യം.
2030-ഓടുകൂടി ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയിൽ ജനസംഖ്യയുള്ള നഗരമായി റിയാദിനെ മാറ്റുക എന്ന സൗദി അറേബ്യയുടെ ‘വിഷൻ’ പദ്ധതിക്കനുസൃതമായാണ് വിമാനത്താവള പദ്ധതി. കൂടാതെ നിലവിലുള്ള കിംഗ് ഖാലിദ് വിമാനത്താവളത്തിന്‍റെ റൺവേകൾക്ക് സമാന്തരമായി പുതിയ ആറ് റൺവേകൾ കൂടി സ്ഥാപിക്കും. നിലവിലുള്ള ടെർമിനലുകളോട് ചേർന്ന് പുതിയ ടെർമിനലുകൾ നിർമിക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഏകദേശം 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായിരിക്കും ഇപ്പോഴത്തെ ഭരണാധികാരിയുടെ നാമധേയത്തിലുള്ള പുതിയ വിമാനത്താവളം. 12 ചതുരശ്ര കിലോമീറ്ററിൽ എയർപോർട്ട് അനുബന്ധ സംവിധാനങ്ങൾ, താമസ, വിനോദ സൗകര്യങ്ങൾ, ചില്ലറ ഔട്ട്‌ലെറ്റുകൾ, ചരക്ക് ക്ലിയറൻസ് കൈമാറ്റ സംവിധാനങ്ങൾ റിയൽ എസ്റ്റേറ്റ് ഓഫിസുകൾ എന്നിവ സ്ഥാപിക്കും.
2030-ഓടെ പ്രതിവർഷം 12 കോടി യാത്രക്കാർക്കും 2050-ഓടെ 18.5 കോടി യാത്രക്കാർക്കും വിമാനത്താവളത്തിന്‍റെ പ്രയോജനം ലഭ്യമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 35 ലക്ഷം ടൺ ചരക്ക് കൈമാറ്റത്തിനുള്ള ശേഷിയും വിമാനത്താവളത്തിനുണ്ടാകും.അത്യാധുനിക ഹരിത സംരംഭങ്ങൾ ഉൾപ്പെടുത്തി വിമാനത്താവളത്തിന് ‘ലീഡ് പ്ലാറ്റിനം’ അംഗീകാരം നേടിയെടുക്കാനും ലക്ഷ്യമുണ്ട്. അത് കൂടാതെ പുനരുപയോഗ ഊർജം ഉപയോഗിച്ചായിരിക്കും വിമാനത്താവളം പ്രവർത്തിക്കുക എന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.