11 വര്‍ഷത്തിന് ശേഷം ദുരൂഹത നീങ്ങി: തിരുവനന്തപുരത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതം

11 വര്‍ഷത്തിന് ശേഷം ദുരൂഹത നീങ്ങി: തിരുവനന്തപുരത്ത് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതം

തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകള്‍ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകന്‍ മാഹിന്‍ കണ്ണ് ആണ് കൊലപ്പെടുത്തിയത്. ഇരുവരെയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് മാഹിന്‍കണ്ണ് പൊലീസിനോട് സമ്മതിച്ചു. ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതാവുകയായിരുന്നു. 2011 ഓഗസ്റ്റ് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. 2011 ഓഗസ്റ്റ് 18 ന് തന്നെയാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്. മാഹിന്‍കണ്ണിന്റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി.

വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിന്‍കണ്ണ് പൊലീസിന് നല്‍കിയ മൊഴി. കേസില്‍ തുടക്കത്തില്‍ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്.

കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിന്‍കണ്ണിനൊപ്പം മലയിന്‍കീഴിനടുത്ത് വാടകവീട്ടില്‍ താമസം തുടങ്ങിയിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിന്‍കണ്ണ് ഒഴിഞ്ഞുമാറുകയായിരുന്നു. വിദ്യ ഗര്‍ഭിണിയായതോടെ മാഹിന്‍കണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14 ന് വിദ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.

ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിന്‍കണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. 2011 ഓഗസ്റ്റ് 18 ന് വൈകിട്ട് വിദ്യയെയും രണ്ടര വയസുകാരിയായ ഗൗരിയെയും കൊണ്ട് മാഹിന്‍ ബൈക്കില്‍ പുറത്ത് പോയി. പിന്നീട് വിദ്യയെയും കുഞ്ഞിനെയും ആരും കണ്ടിട്ടില്ല.

വിദ്യയുടെ അമ്മയും അച്ഛനും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാര്‍ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പൂവാറില്‍ തന്നെയുണ്ടായിരുന്ന മാഹിന്‍ കണ്ണിനെ പൊലീസ് വിളിച്ചു വരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിന്‍ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിന്‍ വര്‍ഷങ്ങക്കിപ്പുറവും പൂവാറില്‍ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.

വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോള്‍ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെച്ചു. മകളെ കാണാതായ ദുഖത്തില്‍ ജയചന്ദ്രന്‍ കഴിഞ്ഞ വര്‍ഷം തൂങ്ങി മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.