ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വിസിമാരുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വിസിമാരുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വൈസ്
ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസിമാരെ പുറത്താക്കാനാണ് ഗവര്‍ണറുടെ നീക്കമെന്നും അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് വി സിമാരുടെ വാദം.

വിസിമാരെ നിയമിച്ച ചാന്‍സലര്‍ തന്നെ, നിയമനം തെറ്റായിരുന്നെന്ന് ഇപ്പോള്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും വിസിമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വൈസ് ചാന്‍സലര്‍മാരുടെ പ്രാഥമിക പട്ടിക തയാറാക്കിയത് യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും പലര്‍ക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് ഗവര്‍ണറുടെ നിലപാട്.

അതേസമയം സാങ്കേതിക സര്‍വകലാശാല വി സി സിസ തോമസിന്റെ നിയമനത്തിന് എതിരായ ഹര്‍ജി തള്ളിയ ഹൈകോടതി സിംഗിള്‍
ബെഞ്ച് വിധിക്ക് എതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം. എജിയുടെ നിയമോപദേശം തേടിയാകും അപ്പീല്‍. സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതോടെ സിസ തോമസ് കെടിയു ആസ്ഥാനത്ത് കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് സാധ്യത.

അതേസമയം സിസയോടുള്ള എതിര്‍പ്പും നിസഹകരണവും കെടിയു ഉദ്യോഗസ്ഥര്‍ തുടര്‍ന്നാല്‍ സര്‍വകലാശാലയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാകും. ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയും ചര്‍ച്ച ചെയ്യും.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗ്യത വീണ്ടും പരിശോധിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ രണ്ടാം റാങ്കുകാരനയായ ജോസഫ് സ്‌കറിയക്ക് ജോലി ലഭിക്കും. അതേസമയം തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് വി.സി ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.