അദാനിയുടെ വരവിന് പിന്നാലെ എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ച് പ്രണോയ് റോയിയും ഭാര്യ രാധികയും; പുതിയ ഡയറക്ടര്‍മാരെ നിയമിച്ചു

അദാനിയുടെ വരവിന് പിന്നാലെ എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ച് പ്രണോയ് റോയിയും ഭാര്യ രാധികയും; പുതിയ ഡയറക്ടര്‍മാരെ നിയമിച്ചു

ന്യൂഡല്‍ഹി: എന്‍ഡിടിവി സഹസ്ഥാപകന്‍ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ആര്‍ആര്‍പിആര്‍എച്ച് ബോര്‍ഡില്‍ നിന്ന് രാജിവച്ചു. എന്‍ഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന് സെബി അനുവാദം നല്‍കിയതിന് പിന്നാലെയാണ് ഇരുവരും രാജി വച്ചതെന്നാണ് സൂചന.

ഇരുവരുടെയും രാജിക്ക് പിന്നാലെ സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ പുതിയ ഡയറക്ടര്‍മാരായി നിയമിച്ചു. ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗിന്റെ ബോര്‍ഡാണ് ഇതിന് അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ വഴി 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെയാണ് സെബിയുടെ ചട്ടം അനുസരിച്ച് 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പണ്‍ ഓഫര്‍ കൂടി അംഗീകരിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിടിവിയുടെ 55.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും.

ഐസിഐസിഐ ബാങ്കില്‍ നിന്നും ആര്‍ആര്‍പിആര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കുന്നതിനായി വിശ്വപ്രധാന്‍കൊമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വീണ്ടും 400 കോടി രൂപ കടമെടുത്തു.

ആര്‍ആര്‍പിആറിന്റെ 99.5 ശതമാനം ഓഹരിയാണ് ഇതിന് പകരമായി ഈട് വച്ചിരുന്നത്. ഇതിന് ശേഷം വിശ്വപ്രധാന്‍ അദാനി ഗ്രൂപ്പിന്റെ ഭാഗമായി മാറി. പിന്നാലെ ആര്‍ആര്‍പിആറിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള ശ്രമവുമായി അദാനി ഗ്രൂപ്പ് രംഗത്ത് വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.