നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം; ബില്ലുകളുടെ മുന്‍ഗണനാക്രമം അടക്കം ചര്‍ച്ച ചെയ്യും

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം; ബില്ലുകളുടെ മുന്‍ഗണനാക്രമം അടക്കം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. ബില്ലുകളുടെ മുന്‍ഗണനാക്രമം അടക്കം ചര്‍ച്ചയാകും.

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള കരട് ബില്ലിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകാരമായിരുന്നു. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ബില്‍ അവതരിപ്പിക്കാനാണ് ആലോചന. ചാന്‍സലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

സമ്മേളനത്തിന് ഗവര്‍ണര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.

ഗവര്‍ണര്‍ പദവി വഹിക്കുന്നയാള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓര്‍ഡിനന്‍സിലൂടെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി എല്ലാ സര്‍വകലാശാലകളുടെയും ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്. വകുപ്പ് മന്ത്രിമാരായിരിക്കും പ്രോ ചാന്‍സലര്‍.

ഉന്നതമായ അക്കാഡമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.