ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറിൽ

ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറിൽ

ദോഹ: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായാണ് ഓസ്‌ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഗ്രൂപ്പ് ഡിയില്‍ നിന്ന് നിലവിലെ ചാമ്പ്യൻമാരായ ഫ്രാന്‍സ് നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്.

ഗോള്‍രഹിതമായിരുന്ന 59 മിനിറ്റുകള്‍ക്ക് ശേഷം 60-ാം മിനിറ്റിലാണ് ഓസ്‌ട്രേലിയയുടെ ഗോളെത്തിയത്. മാത്യു ലെക്കിയുടെ ഒരു മികച്ച സോളോ ഗോളില്‍ ഓസീസ് മുന്നിലെത്തുകയായിരുന്നു.

ജയം നിര്‍ണായകമായ മത്സരത്തില്‍ ഉണര്‍ന്നുകളിച്ചത് ഡെന്‍മാര്‍ക്കായിരുന്നു. മാര്‍ട്ടിന്‍ ബ്രെയ്ത്ത്‌വെയ്റ്റും ആന്ദ്രേസ് സ്‌കോവ് ഓള്‍സനും മത്തിയാസ് ജെന്‍സനും ചേര്‍ന്ന മുന്നേറ്റങ്ങള്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തി. ഗോള്‍കീപ്പറും ക്യാപ്റ്റനുമായ മാത്യു റയാന്റെ സേവുകളാണ് പലപ്പോഴും ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയയുടെ രക്ഷയ്‌ക്കെത്തിയത്.

അവസാന 16 ലേക്ക് മുന്നേറാന്‍ സമനില മതിയായിരുന്ന ഓസ്‌ട്രേലിയ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ നടത്തിയില്ല. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടുണീഷ്യ, ഫ്രാന്‍സിനെതിരേ ലീഡെടുത്തതോടെ ഓസ്‌ട്രേലിയയും ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു. 

അവിടെ 58-ാം മിനിറ്റില്‍ ടുണീഷ്യ മുന്നിലെത്തിയപ്പോള്‍ ഇവിടെ 60-ാം മിനിറ്റില്‍ ലെക്കിയിലൂടെ ഓസീസ് സമനിലപ്പൂട്ട് തകര്‍ത്തു. പിന്നാലെ ഗോളിനായി ഡെന്‍മാര്‍ക്ക് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഓസീസ് പ്രതിരോധം പതറാതെ നിലകൊണ്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.