ദോഹ: ഖത്തറിൽ ഒന്നും അസാധ്യമല്ലെന്നു വീണ്ടും തെളിയിച്ചു. ഇത്തവണ അടിതെറ്റിയത് സാക്ഷാൽ ലോക ചാമ്പ്യൻമാർക്ക് തന്നെ. ജയമെന്ന ഒറ്റ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ടുണീഷ്യ ലോക ചാമ്പ്യൻമാരെതന്നെ ആട്ടിമറിച്ചെങ്കിലും കണ്ണീരോടെ മടങ്ങാനായിരുന്നു അവരുടെ വിധി.
നിരന്തരം ആക്രമണങ്ങളുമായി കളം നിറഞ്ഞ ടുണീഷ്യ രണ്ടാം പകുതിയില്‍ വലകുലുക്കി. പ്രതീക്ഷകള്‍ വീണ്ടും തളിര്‍ത്തുതുടങ്ങി. ഒടുവില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് തലയുയര്‍ത്തി നോക്കുമ്പോഴേക്കും അവിടെ ഓസ്‌ട്രേലിയ ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തി കഴിഞ്ഞിരുന്നു. ആറ് പോയന്റോടെ ഓസ്‌ട്രേലിയ ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു.
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ടുണീഷ്യ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ടുണീഷ്യ ഗോളിനടുത്തെത്തി. എന്നാല്‍ ഫ്രാന്‍സ് പ്രതിരോധം ഉറച്ചുനിന്നതോടെ ഗോള്‍നേടാനായില്ല. പന്തടക്കത്തിലും ടുണീഷ്യയാണ് മുന്നിട്ടുനിന്നത്. ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസനിച്ചത്.
രണ്ടാം പകുതിയിലും ടുണീഷ്യ മുന്നേറ്റങ്ങള്‍ തുടരുന്ന കാഴ്ചയാണ് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ കാണാനായത്. 20-മിനിറ്റിനകം ഫ്രാന്‍സ് ഞെട്ടി. ടുണീഷ്യ കാത്തിരുന്ന നിമിഷമെത്തി. ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ യൂസ്സൗഫ് ഫൊഫാനയുടെ പിഴവ് മുതലെടുത്ത വാബി ഖസ്രി ഫ്രാന്‍സ് പ്രതിരോധതാരങ്ങളെ വെട്ടിച്ച് ഗോള്‍വലകുലുക്കി. പക്ഷേ ഗോള്‍ നേടിയതിന് പിന്നാലെ പരിക്കേറ്റതോടെ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചു.
ഗോള്‍ നേടിയതിന് ശേഷം ഫ്രാന്‍സ് ഉണര്‍ന്നുകളിച്ചു. സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പേ. അഡ്രിയന്‍ റാബിയോട്ട് എന്നിവരെ മൈതാനത്തിറക്കി ഫ്രാന്‍സ് സമനിലഗോളിനായി മുന്നേറി. അതേ സമയം കിട്ടിയ അവസരങ്ങളില്‍ ടുണീഷ്യ മികച്ച കൗണ്ടര്‍ അറ്റാക്കുകളുമായി മികച്ചുനിന്നു. അവസാനനിമിഷം ഫ്രാന്‍സ് നേടിയ ഗോള്‍ ഓഫ്‌സൈഡായതോടെ ടുണീഷ്യ ഫൈനലിനൊത്ത വിജയം സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.