ദോഹ: പ്രീ ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായിരുന്ന ജീവന്‍മരണ പോരാട്ടത്തില്‍ 'മരണം' ഇരന്നു വാങ്ങി ബെല്‍ജിയം. പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലുക്കാക്കുവിന് ലഭിച്ച നാല് അവസരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് ഗോള്‍ വലയ്ക്ക് പുറത്ത് പോയപ്പോള്‍ ലോകത്തെ രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തിന് നഷ്ടമായത് ലോകകപ്പ് മോഹങ്ങളായിരുന്നു.
അവസരങ്ങളൊരോന്നും മുതലാക്കാന്‍ മുന്‍ ലോക ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞില്ല. നോക്കൗട്ട് പ്രവേശനത്തിന് ജയം മാത്രമേ ബെല്‍ജിയത്തിന് മുന്നിലുണ്ടായിരുന്നുള്ളു. സമനിലയില്‍ കുടുങ്ങിയതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ക്രോയേഷ്യ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബെല്‍ജിയം പുറത്തും പോയി.
ബെല്‍ജിയം മുന്നേറ്റ നിരയില്‍ റൊമേലു ലുക്കാകുവിന് രണ്ടാം പകുതിയില്‍ മാത്രം നാല് അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. ഒരു തവണ പോസ്റ്റ് വില്ലനായപ്പോള്‍ രണ്ട് തവണ ലുക്കാവിന്റെ ഷോട്ട് പുറത്തേക്ക് പോയി. നാലാം തവണ ലഭിച്ച സുവര്‍ണാവസരം കൃത്യമായി വലയിലെത്തിക്കാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയില്‍ എങ്ങനെയെും ഗോളടിക്കുക എന്ന ലക്ഷ്യത്തോടെ ബെല്‍ജിയം ആക്രമിച്ചു കയറിയതോടെ എങ്ങനെയും പ്രതിരോധിക്കുക എന്നത് മാത്രമായി ക്രൊയേഷ്യയുടെ തന്ത്രം. അതിലവര്‍ വിജയിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ അധികം അവസരങ്ങളൊന്നും തുറന്നെടുക്കാന്‍ ബെല്‍ജിയത്തിനായിരുന്നില്ല. ലഭിച്ച ഒരേയൊരു സുവര്‍ണാവസരം ഡ്രൈസ് മെര്‍ട്ടെന്‍സ് നഷ്ടമാക്കുകയും ചെയ്തു.
മുന്നേറ്റനിരയില്‍ റൊമേലു ലുക്കാക്കു, ഈഡന്‍ ഹസാര്‍ഡ്, മധ്യനിരയില്‍ കെവിന്‍ ഡിബ്രുയിന്‍, പ്രതിരോധത്തില്‍ യാന്‍ വെര്‍ട്ടോംഗന്‍, ഗോള്‍ വലയ്ക്കു മുന്നില്‍ തിബോ ക്വോര്‍ട്വ തുടങ്ങി ഒരുപിടി മികച്ച താരങ്ങളുണ്ടായിട്ടും രാജ്യത്തിന് വിജയം സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുന്നത് അട്ടിമറികള്‍ ഒരുപാട് നടന്ന ഖത്തര്‍ ലോകകപ്പിലെ മറ്റൊരു അട്ടിമറിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.