പ്രതിഷേധം ഫലം കാണുന്നു; കോവിഡ് നിയന്ത്രണത്തില്‍ ഇളവ് നല്‍കാനൊരുങ്ങി ചൈനീസ് സര്‍ക്കാര്‍

പ്രതിഷേധം ഫലം കാണുന്നു; കോവിഡ് നിയന്ത്രണത്തില്‍ ഇളവ് നല്‍കാനൊരുങ്ങി ചൈനീസ് സര്‍ക്കാര്‍

ബെജിങ്: ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന് സൂചന. ഭരണകൂടത്തിനെതിരേ ജനങ്ങള്‍ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഒമിക്രോണിന്റെ വ്യാപനശേഷി കുറയുകയും കൂടുതലാളുകള്‍ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തതിനാല്‍ കോവിഡ് പ്രതിരോധത്തിന്റെയും നിയന്ത്രണത്തിന്റെയും കാര്യത്തില്‍ രാജ്യത്തിനു മുന്നില്‍ പുതിയ ദൗത്യങ്ങളാണുള്ളതെന്ന് വൈസ് പ്രീമിയര്‍ സുന്‍ ചുന്‍ലാന്‍ പറഞ്ഞു. ചൈനയുടെ കോവിഡ് പ്രതിരോധയജ്ഞത്തില്‍ സുപ്രധാനിയാണ് സുന്‍.

സീറോ കോവിഡ് നയത്തെക്കുറിച്ച് സുന്‍ പരാമര്‍ശിച്ചില്ല. എന്നാല്‍, തദ്ദേശീയമായി പല നഗരങ്ങളിലും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. ഗ്വാങ്സൗ, ഷിജിയാഷ്വാങ്, ചെങ്ഗുഡു തുടങ്ങിയ ഇടങ്ങളില്‍ കോവിഡ് പരിശോധനാ ചട്ടത്തിലും സഞ്ചാര നിയന്ത്രണത്തിലും ഇളവു നല്‍കി. ചില സ്ഥലങ്ങളില്‍ വ്യാപാര കേന്ദ്രങ്ങള്‍ തുറക്കുകയും ബസ് സര്‍വീസുകള്‍ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനമായ ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്സൗ ഉള്‍പ്പെടെ പല പ്രധാന നഗരങ്ങളിലും കോവിഡ് നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടിയ ജനം പ്രതിഷേധിച്ചിരുന്നു. 'പ്രസിഡന്റ് ഷി ജിന്‍പിങ് രാജിവെക്കണം, ജനങ്ങള്‍ക്ക് പൗരാവകാശങ്ങളും സ്വാതന്ത്ര്യവും അനുവദിക്കണം' തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. സമരങ്ങളുണ്ടായ ഇടങ്ങളില്‍ ശക്തമായ പൊലീസ് സാന്നിധ്യമാണുള്ളത്.

ഒട്ടേറെപ്പേരെ അറസ്റ്റു ചെയ്‌തെന്നാണ് വിവരം. സീറോ കോവിഡ് നയം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുമ്പോഴും ചൈനയില്‍ രോഗ വ്യാപനത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 36061 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.