'ഏകീകൃത കുര്‍ബാനയര്‍പ്പണം: പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ സഭാ നേതൃത്വം സ്വീകരിക്കും'

'ഏകീകൃത കുര്‍ബാനയര്‍പ്പണം: പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ സഭാ നേതൃത്വം സ്വീകരിക്കും'

കൊച്ചി: ഏകീകൃത കുര്‍ബാനയര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് സീറോ മലബാര്‍ സഭാ നേതൃത്വം പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച എറണാകുളം ബസ്ലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തിയപ്പോഴുണ്ടായ അനിഷ്ട സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ സഭാ നേതൃത്വം അതിരൂപതയിലെ ഈ പ്രത്യേക സാഹചര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരും ആത്മ സംയമനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സഭാപരമായ അനുസരണത്തിന്റെയും മാര്‍ഗം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

പ്രസ്താവനയുടെ പൂര്‍ണ രൂപം:

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പിതാവ് 2022 നവംബര്‍ 27-ാം തീയതി എറണാകുളം കത്തീഡ്രല്‍ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ സാഹചര്യവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പു നല്‍കുന്നത്.

സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കാനുള്ള സിനഡിന്റെ തീരുമാനം സഭയിലെ 35 രൂപതകളില്‍ 34 രൂപതകളിലും നടപ്പിലാക്കിയെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയില്‍ അതിനെതിരെ സഭാത്മകമോ ക്രൈസ്തവമോ അല്ലാത്ത എതിര്‍പ്പുകള്‍ തുടര്‍ന്നപ്പോഴാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാന പ്രകാരം ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പിതാവിനെ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ സിനഡു തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദേശം പരിശുദ്ധ സിംഹാസനം നിയമനാവസരത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കു നല്‍കിയിരുന്നു. അജപാലനപരമായ ബോധനം ആവശ്യമുള്ള സ്ഥലങ്ങളില്‍ കാനന്‍ നിയമം അനുശാസിക്കുന്ന ഡിസ്‌പെന്‍സേഷന്‍ നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കത്തീഡ്രല്‍, തീര്‍ത്ഥകേന്ദ്രങ്ങള്‍, പരിശീലന ഭവനങ്ങള്‍ എന്നിവിടങ്ങളില്‍ ഉടനടി സിനഡ് തീരുമാനം നടപ്പാക്കണമെന്ന് പരിശുദ്ധ സിംഹാസനം അനുശാസിച്ചിരുന്നു.

അതനുസരിച്ച് ഏകീകൃത കുര്‍ബാനക്രമം എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കാനുള്ള തന്റെ ദൗത്യം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആരംഭിച്ചപ്പോള്‍ വിവിധ സമര മാര്‍ഗങ്ങളിലൂടെ ചില വൈദികരും അല്‍മായരും എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് അതിരൂപതയില്‍ നിന്നുള്ള പ്രതിനിധികളുമായി പെര്‍മനന്റ് സിനഡ് നിയോഗിച്ച മെത്രാന്മാരുടെ പ്രത്യേക കമ്മിറ്റി ചര്‍ച്ച നടത്തിയത്.

ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരുടെയും അതിനെ എതിര്‍ക്കുന്നവരുടെയും പ്രതിനിധികളെ ഈ പ്രത്യേക കമ്മിറ്റി കണ്ടു സംസാരിച്ചു. പരിശുദ്ധ സിംഹാസനം അംഗീകരിച്ച സിനഡ് തീരുമാനം മാറ്റാനാകില്ലെന്നും എന്നാല്‍ ഇരുവിഭാഗങ്ങളും ഉന്നയിച്ച കാര്യങ്ങള്‍ പെര്‍മനന്റ് സിനഡിനെ അറിയിക്കാമെന്നും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ ജനുവരിയില്‍ നടക്കുന്ന സിനഡിനെ ധരിപ്പിക്കാമെന്നും മാത്രമാണ് കമ്മിറ്റിയംഗങ്ങള്‍ ഇരുവിഭാഗങ്ങളോടും പറഞ്ഞിരുന്നത്.

നവംബര്‍ 26 ന് രാവിലെ ഓണ്‍ലൈനായി കൂടിയ പെര്‍മനന്റ് സിനഡ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്തു. കത്തീഡ്രല്‍ ദേവാലയത്തിലും മൈനര്‍ സെമിനാരിയിലും ആദ്യപടിയായി സിനഡ് തീരുമാനമനുസരിച്ചുള്ള കുര്‍ബാന ചൊല്ലുന്നതിനുള്ള നിര്‍ദേശം രേഖാമൂലം ബന്ധപ്പെട്ട വികാരിക്കും റെക്ടറിനും സര്‍ക്കുലറിലൂടെ നല്‍കിയ കാര്യം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പെര്‍മനന്റ് സിനഡിനെ അറിയിച്ചു.

കത്തീഡ്രല്‍ ബസിലിക്കയില്‍ 27-ാം തിയതി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ വരുന്ന കാര്യം നേരിട്ടും കത്തുവഴിയും കത്തീഡ്രല്‍ വികാരിയെ അറിയിച്ചിട്ടുണ്ടെന്നും അഭിവന്ദ്യ താഴത്ത് പിതാവ് പറഞ്ഞു. വികാരിയുമായുള്ള ധാരണ പ്രകാരമാണ് തിയതിയും സമയവും നിശ്ചയിച്ചത്. ചിലപ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകാമെന്ന് സൂചിപ്പിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാമെന്ന് വികാരി എഴുതിയ കാര്യവും പിതാവ് പെര്‍മനന്റ് സിനഡിനെ അറിയിച്ചു.

സിനഡ് തീരുമാനവും പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശങ്ങളുമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അപ്പസ്‌തോലിക് അഡ്മിനിസ്ട്രറ്റര്‍ എന്ന നിലയില്‍ അഭിവന്ദ്യ താഴത്ത് പിതാവിന് ഉത്തരവാദിത്വമുണ്ടെന്ന് പെര്‍മനന്റ് സിനഡ് വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 27-ന് കത്തീഡ്രല്‍ ദേവാലയത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനുള്ള തീരുമാനത്തിന് പെര്‍മനന്റ് സിനഡ് അംഗീകാരം നല്‍കി.

നവംബര്‍ 27-ന് അഭിവന്ദ്യ താഴത്ത് പിതാവ് കത്തീഡ്രല്‍ പള്ളിയില്‍ എത്തുന്നതിനു മുമ്പേ കത്തീഡ്രല്‍ ബസിലിക്കയും അങ്കണവും പ്രതിക്ഷേധക്കാര്‍ കൈയടക്കുകയും ഗേറ്റ് പൂട്ടുകയും ചെയ്തതും സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടി അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാതെ തിരികെ പോന്നതും എല്ലാവരും മനസിലാക്കിയ കാര്യങ്ങളാണ്.

പ്രതിഷേധക്കാര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നവരാണെന്ന വസ്തുതയും പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിയുടെ ഗേറ്റ് പോലീസ് പൂട്ടിയത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള പിതാക്കന്മാരില്‍ എട്ടുപേര്‍ ചേര്‍ന്ന് സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് കഴിഞ്ഞ ദിവസം ഒരു കോണ്‍ഫിഡന്‍ഷ്യല്‍ കത്ത് എഴുതിയിരുന്നു. ഈ കോണ്‍ഫിഡന്‍ഷ്യല്‍ കത്ത് മാധ്യമങ്ങള്‍ക്കു ലഭിച്ച സാഹചര്യം സഭാ സംവിധാനങ്ങളുടെ പ്രവര്‍ത്തന ശൈലിയല്ല.

സഭയിലെ ചില അഭിവന്ദ്യ പിതാക്കന്മാര്‍ എഴുതിയ ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും സീറോ മലബാര്‍ സഭ വലിയ പ്രതിസന്ധിയിലാണെന്നുമുള്ള പ്രചരണം വസ്തുതാ വിരുദ്ധവുമാണ്.

തന്നെ പരിശുദ്ധ സിംഹാസനം ഏല്‍പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ആദ്യപടിയായി കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ തയ്യാറായ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ അഭിവന്ദ്യ ആന്‍ഡ്രൂസ് താഴത്ത് പിതാവിനെ കുറ്റപ്പെടുത്തുന്ന സമീപനവും അംഗീകരിക്കാനാവാത്തതാണ്. ആന്‍ഡ്രൂസ് പിതാവിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പെര്‍മനന്റ് സിനഡ് വിലയിരുത്തി.

സിനഡ് തീരുമാനവും പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശങ്ങളും എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതിനെതിരെ തുടരുന്ന എതിര്‍പ്പും അത് പ്രകടിപ്പിക്കാന്‍ സ്വീകരിക്കുന്ന സഭാപരമല്ലാത്ത സമര രീതികളുമാണ് അതിരൂപതയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം.

ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടു തന്നെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സഭാ നേതൃത്വം സ്വീകരിക്കുന്നതാണ്. അതിരൂപതയിലെ ഈ പ്രത്യേക സാഹചര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരും ആത്മ സംയമനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സഭാപരമായ അനുസരണത്തിന്റെയും മാര്‍ഗം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.