ആധുനികകാലം കണ്ട ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് 19 എന്ന മഹാരോഗത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി സബ്സിഡിയരിറ്റി തത്വത്തെ അഥവാ അധീനവകാശ സംരക്ഷണ സഹായതത്വത്തെ മനസ്സിലാക്കണമെന്നും പ്രാവർത്തികമാക്കണമെന്നും സെപ്റ്റംബർ 23 ബുധനാഴ്ച നടന്ന പൊതുകുടിക്കാഴ്ചമധ്യേ ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു. തങ്ങളുടെ രാജ്യത്തിന്റെയും സംഘടനകളുടെയും ദേശത്തിന്റെയും വർഗ്ഗത്തിന്റെയും കുടുംബങ്ങളുടെയും കാര്യത്തിൽ മാത്രം ശ്രദ്ധ ചെലുത്താതെ പൊതുവായ നന്മയിലേക്കും സഹകരണത്തിലും എല്ലാവരും കടന്നു വരണമെന്നും പരിശുദ്ധപിതാവ് പറഞ്ഞു. 1929 ലെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പീയൂസ് പതിനൊന്നാമൻ മാർപാപ്പ ആഹ്വാനം ചെയ്ത principle of subsidiarity തന്നെയാണ് 2019 ൽ ആരംഭിച്ച കോവിഡ് 19 എന്ന മഹാവിപത്തിലും നാം മുറുകെ പിടിക്കേണ്ടത് എന്ന് തന്റെ സന്ദേശത്തിലൂടെ പാപ്പാ ഓർമിപ്പിച്ചു.
സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ ഉള്ളവർ താഴ്ന്നതട്ടിൽ ഉള്ളവരെ സഹായിക്കാനും ബഹുമാനിക്കാനും തയ്യാറാകുമ്പോൾ ഓരോ വ്യക്തികളും കുടുംബങ്ങളും സംഘടനകളും അവരവരുടെ സംസ്കാരത്തോടും വിശ്വാസത്തോടും സാമ്പത്തിക സ്രോതസ്സുകളോടും ചേർന്ന് ഒന്നിച്ച് സമൂഹത്തെ ശക്തിപ്പെടുത്താൻ അത് കാരണമാകും. ഇങ്ങനെ ഉയർന്നതട്ടിലുള്ളവർ താഴ്ന്നതട്ടിലുള്ളവരോടും താഴ്ന്നതട്ടിലുള്ളവർ ഉയർന്നതട്ടിലുള്ളവരോടും കാണിക്കുന്ന പ്രതിബദ്ധതയിലും കരുതലിലുമാണ് സബ്സിഡിയരിറ്റി തിയറി പ്രാവർത്തികമാകുന്നത്.
ഓരോരുത്തരും തന്നിലൂടെ ഈ ലോകത്തെ, സമൂഹത്തെ സുഖപ്പെടുത്താൻ സാധിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലാവർക്കും സംസാരിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും അവസരം ഉണ്ടാകണം. അങ്ങനെ എല്ലാവരും എല്ലാവരാലും അംഗീകരിക്കപ്പെടാൻ ഇടയാകും. എല്ലാവർക്കും സംസാരിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും അവസരമുണ്ടാകുന്നിടത്താണ് സബ്സിഡിയരിറ്റി തത്വം നിലവിൽ വരുന്നത്. എന്നാൽ ഇന്ന് വൈറസ് പ്രതിസന്ധി പോലെ സബ്സിഡിയരിറ്റി തത്വത്തിന് വിലകൽപ്പിക്കാത്ത ഒരു പ്രവണത പടർന്നു പിടിക്കുന്നുണ്ട്. അതുകൊണ്ട് സ്വയരക്ഷ എന്ന മുദ്രാവാക്യം മാറ്റിവെച്ചുകൊണ്ട് എല്ലാവരുടെയും രക്ഷയെയും സംരക്ഷണത്തെയും നമുക്ക് മാനദണ്ഡമാക്കാം.
പൗലോസ് ശ്ലീഹ 1 കോറിന്തോസ് 12:22 ൽ പറയുന്നതുപോലെ ശരീരം ഒന്നാണെങ്കിലും അതിൽ പല അവയവങ്ങൾ ഉണ്ട്. ദുർബലങ്ങൾ എന്ന് കരുതുന്ന അവയവങ്ങളാണ് കൂടുതൽ ആവശ്യമുള്ളത്. അതുകൊണ്ട് സമൂഹത്തെ സുഖപ്പെടുത്താൻ ചെറിയവരും വലിയവരും ഒന്നിച്ച് ഇറങ്ങി പ്രവർത്തിക്കുക. എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് വില നൽകുന്ന സുന്ദരമായ ഒരു കാലം വിദൂരമല്ല.
ഈ കൊറോണക്കാലത്ത് സ്വയം സന്നദ്ധപ്രവർത്തകർ സമൂഹത്തിന്റെ വിവിധ തട്ടുകളിൽനിന്ന് കടന്നുവന്ന് രോഗികളെ ശുശ്രൂഷിക്കാനും സമാധാനിപ്പിക്കാനും തങ്ങളാൽ പറ്റുംവിധം ലോകത്തെ സുഖപ്പെടുത്താനും പരിശ്രമിച്ച അനുഭവം വളരെ മധുരം പകരുന്നതാണ്. അതുകൊണ്ട് ഈ ഒത്തൊരുമയുടെ കെട്ടുറപ്പാണ് സബ്സിഡിയരിറ്റി തത്വത്തിന് അടിസ്ഥാനമെന്ന് നമുക്ക് മനസ്സിലാക്കാം.
ലോക്ഡൗൺ ദിവസങ്ങളിൽ ഡോക്ടർമാർ നഴ്സുമാർ എന്നിവരെ ബഹുമാനിച്ചു പാട്ടുപാടിയതും ബഹുമാനാർത്ഥം കൈയ്യടിച്ചതും അഭിനന്ദനാർഹമാണ്. വലിയ സ്വപ്നം കാണാൻ ഭയപ്പെടരുത്. നമുക്ക് ഒരുമിച്ച് വലിയ സന്തോഷം നൽകുന്ന സ്വപ്നം കാണാം. ആഗോളതലത്തിൽ പരസ്പരം സഹായിക്കുന്ന, പരസ്പരം ബഹുമാനിക്കുന്ന, പരസ്പരം കേൾക്കാൻ തയ്യാറാകുന്ന സ്വപ്നങ്ങൾ കാണാം. വിവിധ സംസ്കാരങ്ങളും ആചാരങ്ങളും തത്വങ്ങളും ഒന്നുചേരുന്ന, പരസ്പരം വളർത്തുന്ന ഒരു സബ്സിഡിയരിറ്റി തത്വത്തിന്റെ ഭാഗമാകാം എന്ന ആഹ്വാനത്തോടെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Bro. Thomas Karivelickal
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.