'വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാം, വൈകല്യത്തെ തോല്‍പ്പിക്കാം'; ഇന്ന് ലോക ഭിന്നശേഷി ദിനം

'വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാം, വൈകല്യത്തെ തോല്‍പ്പിക്കാം'; ഇന്ന് ലോക ഭിന്നശേഷി ദിനം

തിരുവനന്തപുരത്തിനടുത്ത് തച്ചോട്ടുകാവില്‍ വളരെ പാവപ്പെട്ടൊരു കുടുംബത്തിലാണ് രാജേഷിന്റെ ജനനം. അച്ഛനും അമ്മയും കൂലിപ്പണിക്കാര്‍. മൂന്നാം വയസില്‍ കടുത്ത പനി ബാധിച്ച രാജേഷിന് അതിനു പിറകെ കേള്‍വിയും കുറഞ്ഞു. രാജേഷിനെ ബാധിച്ചത് മെനിഞ്ചൈറ്റിസ് ആയിരുന്നെന്നു മനസിലാക്കിയതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അപ്പോഴേക്കു കേള്‍വി പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു.

വീടിനടുത്തുള്ള സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ പഠനം. അതു കഴിഞ്ഞ് പേയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ചു. പ്രൈവറ്റായി ഡിഗ്രി എടുത്തു. ഹിസ്റ്ററിയിലായിരുന്നു ബിരുദം. പിന്നീട് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും പൊളിറ്റിക്‌സില്‍ പിജിയെടുത്തു.

ജോലിയൊന്നും ലഭിക്കാതെ വന്ന സമയത്ത് രാജേഷ് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ നേടി. ആ സമയത്തു കുറേ പിഎസ്‌സി ടെസ്റ്റുകള്‍ എഴുതിയെങ്കിലും ഒന്നിലും വിജയം കണ്ടെത്താന്‍ സാധില്ല.

2002ല്‍ എംപ്ലോയ്മന്റ് റിക്രൂട്‌മെന്റ് വഴി കാട്ടാക്കട പഞ്ചായത്ത് ക്ലാര്‍ക്കായി ജോലി കിട്ടി. വൈകാതെ ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ പിഎസ്‌സി ടെസ്റ്റ് പാസായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ പദവി വരെ ഉയര്‍ന്നു.

പിന്നീട് ആനിയെ തന്റെ ജീവിത്തിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ രാജേഷിന് ഒരു കൂട്ടുകാരിയെ കൂടി കിട്ടുകയായിരുന്നു. കെഎഎസ് എന്ന ലക്ഷ്യത്തിലേക്കു രാജേഷ് നടന്നുകയറിയത് അങ്ങനെ അക്ഷീണമായ പ്രയത്‌നത്തിലൂടെയാണ്.

ചെറുപ്പത്തില്‍ കേള്‍വി നഷ്ടപ്പെട്ടതോടെ, രാജേഷിനെ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇംഗ്ലിഷിലെ മികച്ച പഠന സാഹചര്യമാണ്. കെഎഎസ് മെയിന്‍സിലെ മൂന്നു പേപ്പറും മലയാളത്തിലാണ് രാജേഷ് എഴുതിയത്. ഇക്കാര്യത്തില്‍ ഏറ്റവും വലിയ പ്രചോദനമായത് കാഴ്ചക്കുറവുണ്ടായിട്ടും സിവില്‍ സര്‍വീസ് നേടിയ ലിപിന്‍ രാജ് ആണെന്നു രാജേഷ് പറയുന്നു.

രാജേഷ് മാത്രമല്ല ജീവിത വൈകല്യങ്ങളെ മാറ്റി നിര്‍ത്തി വിജയം സ്വന്തം കൈപിടിയില്‍ ഒതുക്കിയ നിരവധി മനുഷ്യര്‍ നമ്മുക്ക് ചുറ്റിലും ഉണ്ട്.

ഓസ്‌ട്രേലിയന്‍ പാരാലിമ്പിക് വീല്‍ചെയര്‍ റേസറും പ്രമുഖ പരിശീലകയുമാണ് അലിക്‌സ് ലൂയിസ് സാവേജ്. ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ വികലാംഗ കായിക വനിതയായി സോവേജിനെ കണക്കാക്കപ്പെടുന്നു. നാല് പാരാലിമ്പിക് ഗെയിംസില്‍ ഒമ്പത് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് ഐപിസി അത്ലറ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പതിനൊന്ന് സ്വര്‍ണവും രണ്ട് വെള്ളിയും നേടി. കൂടാതെ നാല് ബോസ്റ്റണ്‍ മാരത്തോണുകള്‍ നേടിയിട്ടുണ്ട്. 1500 മീറ്റര്‍, 5000 മീറ്റര്‍, 4ഃ100 മീറ്റര്‍, 4ഃ400 മീറ്റര്‍ റിലേകളില്‍ ലോക റെക്കോര്‍ഡുകളും നേടി.

1999 ല്‍ ഓസ്ട്രേലിയന്‍ വനിതാ അത്ലറ്റ്, 1999 ലും 2000 ലും അന്താരാഷ്ട്ര വനിതാ വീല്‍ചെയര്‍ അത്ലറ്റ് എന്നിവയായിരുന്നു അവര്‍. 2002 ല്‍ അവരുടെ ആത്മകഥ ലൂയിസ് സോവേജ് : മൈ സ്റ്റോറി പ്രസിദ്ധീകരിച്ചു.

ഭിന്നശേഷി ജീവിത വിജയത്തിന്, ഇഷ്ടമുള്ളത് ചെയ്യാന്‍ തടസമല്ലെന്ന സന്ദേശം നല്‍കി ലോക പ്രശസ്തരായ നിരവധി പേര്‍ മുന്‍പേ നടന്നിട്ടുണ്ട്. ജര്‍മനിയില്‍ ജനിച്ച ലോകപ്രശസ്ത പിയാനോ സംഗീതജ്ഞന്‍ ബീഥോവന് കേള്‍വിക്കുറവുണ്ടായിരുന്നു. അമേരിക്കന്‍ എഴുത്തുകാരി ഹെലന്‍ കെല്ലര്‍ കാഴ്ചാ വെല്ലുവിളി നേരിടുന്നയാളായിരുന്നു.

സ്റ്റീഫന്‍ ഹോക്കിങ്, സ്റ്റീവ് ജോബ്‌സ്, ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ് തുടങ്ങിയവരും പ്രതിസന്ധികളെ അതിജീവിച്ച മഹത് വ്യക്തകളാണ്. ഇന്ത്യക്കാരിയായ അരുണിമ സിന്‍ഹ ശാരീരിക പ്രശ്‌നങ്ങളെ അതിജീവിച്ച് ലോകത്തിലെ മികച്ച പര്‍വതാരോഹകരില്‍ ഒരാളായി. എവറസ്റ്റ് കൊടുമുടി ഉള്‍പ്പെടെ ലോകത്തിലെ നിരവധി കൊടുമുടികള്‍ അവര്‍ കീഴടക്കി. 2014 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഇറ സിംഗാള്‍, ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിനെ 2012 ല്‍ ട്വന്റ്റി ട്വന്റ്റി മത്സരത്തില്‍ വിജയത്തിലേക്ക് നയിച്ച ശേഖര്‍ നായിക് തുടങ്ങിയവരും പ്രതിസന്ധികളില്‍ തളരാതെ പോരാടിയവരാണ്.

ഭിന്നശേഷിക്കാര്‍ എന്ന് നമ്മള്‍ പറയുന്ന ഇവര്‍ക്ക് ശരിക്കും വിവിധങ്ങളായ ശേഷി കൈമുതലായുള്ളവരാണ്. അത് അംഗീകരിക്കാതിരിക്കാന്‍ ആവില്ല. ഡിസംബര്‍ മൂന്ന് ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനമാണ്. സാമൂഹിക ജീവിതത്തില്‍ ഭിന്നശേഷിയുള്ളവര്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്.

1975 ല്‍ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വര്‍ഷമായി ആഘോഷിച്ചു. തുടര്‍ന്ന് 1983-92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു. ഇതിന്റെ അവസാനം 1992 ലാണ് എല്ലാവര്‍ഷവും ഡിസംബര്‍ മൂന്ന് ഭിന്നശേഷി ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.

സാംസ്‌കാരിക ഔന്നത്യത്തിന്റെ ലക്ഷണമാണ് കൂടുതല്‍ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയെന്ന കാഴ്ചപ്പാട്. ആദിമ മനുഷ്യന്‍ ഭക്ഷണം, പാര്‍പ്പിടം, സുരക്ഷ തുടങ്ങിയ അടിസ്ഥാന നിലനില്‍പ്പിനായി പോരാടുന്നത് സങ്കല്‍പിക്കുമ്പോള്‍, സാംസ്‌കാരിക വളര്‍ച്ച ഒരു ആര്‍ഭാടമായി തോന്നിയേക്കാം. എന്നാല്‍ ആധുനിക കാലത്ത് ആഗോളഗ്രാമമായി ആശയവിനിമയം നടത്തുമ്പോള്‍ സാംസ്‌കാരിക ഉന്നമനം സാമൂഹിക ജീവിതത്തിന്റെ പ്രധാന ഘടകമായി മാറുന്നു.

കറുപ്പ്-വെളുപ്പ്, സ്ത്രീ-പുരുഷന്‍ തുടങ്ങിയ ദ്വന്ദങ്ങള്‍ക്ക് അപ്പുറത്തേക്ക് നീളുന്ന സമീപനം കൂടിയാണ് വൈവിധ്യങ്ങളെ അംഗീകരിക്കുന്ന കാഴ്ചപാട്. ഈ സമഗ്ര സമീപനത്തില്‍ ഭിന്നശേഷിയുള്ളവരെ കൂടി ഉള്‍ക്കൊള്ളുകയെന്നത് പ്രധാനമാണ്. ലോകത്തിലാകെ 100 കോടിയോളം പേര്‍ ഏതെങ്കിലും വിധത്തില്‍ ഭിന്നശേഷിക്കാരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മനുഷ്യരാശി കെട്ടിപ്പടുത്ത സാംസ്‌കാരിക ലോകത്തിന്റെ സന്തോഷം എല്ലാവരും ചേര്‍ന്ന് പങ്കുവയ്ക്കുക എന്നത് അടിസ്ഥാന മര്യാദ കൂടിയാണ്.

ഭിന്നശേഷിയുള്ളവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയില്‍ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി ഐക്യരാഷ്ട്ര സഭ മുന്‍കൈ എടുക്കുകയും ദേശീയ തലത്തില്‍ നിയമനിര്‍മ്മാണം, നയ സമീപനം എന്നിവയില്‍ മാറ്റം കൊണ്ടുവരാന്‍ ഇടപെടല്‍ നടത്തുകയും ചെയ്യുന്നു.

യുഎന്നിന്റെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ ദിനാഘോഷം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ വര്‍ഷവും ലോകത്തെ ഓര്‍മ്മിപ്പെടുത്തുക കൂടിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.