കാലിഫോര്‍ണിയ: എച്ച്.ഐ.വി രോഗത്തിനെതിരേയുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വിജയത്തിലേക്ക്. പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ സ്വീകരിച്ചവരുടെ രക്തത്തില്‍ വൈറസിനെതിരേ പോരാടുന്ന ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ വര്‍ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇവര്‍ എച്ച്.ഐ.വിക്കെതിരേ പ്രതിരോധ ശേഷി കൈവരിച്ചതായും കണ്ടെത്തി. എച്ച്.ഐ.വി രോഗമില്ലാത്തവര്‍ക്കാണ് പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍ നല്‍കിയത്.
എച്ച്.ഐ.വി കണ്ടെത്തുന്നതിലും ചികില്‍സിക്കുന്നതിലും വൈദ്യശാസ്ത്രം ഒരുപാട് മുന്നോട്ടുപോയിട്ടുണ്ടെങ്കിലും രോഗത്തെ പൂര്‍ണമായും തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
എയ്ഡ്‌സിന് കാരണമായ ഹ്യൂമണ്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ് പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ നശിപ്പിച്ചുകൊണ്ടാണ് എയ്ഡ്‌സ് രോഗിയെ കീഴ്‌പ്പെടുത്തുന്നത്. ജീവിതകാലം മുഴുവനുമുള്ള ആന്റിവൈറല്‍ ചികിത്സയിലൂടെയാണ് രോഗത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നത്. ഈ ഘട്ടത്തിലാണ് പുതിയ കണ്ടെത്തല്‍ പ്രതീക്ഷയേകുന്നത്.
ലഛഉഏഠ8 60ാലൃ എന്നാണ് വാക്‌സിന്റെ പേര്. 2018 മുതലാണ് പരീക്ഷണം ആരംഭിച്ചത്. 18നും 50-നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള 48 പേരെയാണ് പരീക്ഷണത്തില്‍ പങ്കെടുപ്പിച്ചത്. ഇവരെ രണ്ടു വിഭാഗങ്ങളായി തിരിച്ച് പല അളവിലാണ് വാക്‌സിന്‍ ഡോസ് നല്‍കിയത്.
അതില്‍ 36 പേര്‍ക്ക് എട്ട് ആഴ്ച ഇടവിട്ട് വാക്സിന്‍ രണ്ട് ഡോസ് നല്‍കി. തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവരിലും എച്ച്.ഐ.വി വൈറസിനെതിരെ പ്രതിരോധം വര്‍ധിച്ചതായി കണ്ടെത്തി. 35 പേരുടെ രക്തത്തിലെ ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ വര്‍ധിച്ചതായുള്ള കണ്ടെത്തല്‍ ഗവേഷകര്‍ക്ക് പരീക്ഷണം മുന്നോട്ടു കൊണ്ടു പോകാന്‍ ആത്മവിശ്വാസമേകിയിരിക്കുകയാണ്.
എച്ച്.ഐ.വി വൈറസിലുള്ള പ്രോട്ടീന്റെ എഞ്ചിനീയറിംഗ് പതിപ്പില്‍ നിന്നാണ് പുതിയ വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അണുബാധയെ ചെറുക്കുന്ന ആന്റിബോഡികള്‍ നിര്‍മ്മിക്കാനും കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താനും പുതിയവ സൃഷ്ടിക്കാനും പ്രോട്ടീന്‍ സഹായിക്കുന്നു. എച്ച്ഐവിക്കെതിരെ പ്രതിരോധശേഷി സൃഷ്ടിക്കാന്‍ നിര്‍ണായകമെന്ന് കരുതുന്ന ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ഈ പ്രോട്ടീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ സ്‌ക്രിപ്സ് റിസര്‍ച്ച്, ദ ഫ്രെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ സെന്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, അമേരിക്കയിലെയും സ്വീഡനിലെയും മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്. ലോക എയ്ഡ്സ് ദിനത്തില്‍ സയന്‍സ് ജേണലിലാണ് ഇതു സംബന്ധിച്ച ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
എച്ച്.ഐ.വി വൈറസുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയാണ് രൂക്ഷമായി ബാധിക്കുന്നത്. ഇതിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നതിനും പ്രതിരോധ വര്‍ധിപ്പിക്കാനും നിരവധി ഗവേഷണങ്ങളാണ് നടക്കുന്നത്.
പരീക്ഷണ ഘട്ടത്തില്‍ ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുത്തിവയ്പ്പിന്റെ വേദന അല്ലെങ്കില്‍ തലവേദന പോലുള്ള പാര്‍ശ്വഫലങ്ങള്‍ നേരിയ തോതിലായിരുന്നു. അവ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മാറുകയും ചെയ്തു.
ഏകദേശം 40 വര്‍ഷത്തോളമായി എച്ച്‌ഐവിക്കെതിരേ വാക്‌സിന്‍ നിര്‍മിക്കാനുള്ള പഠനത്തിലാണ് ഗവേഷകര്‍. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ലോകമെമ്പാടും 38 ദശലക്ഷത്തിലധികം ആളുകള്‍ എയ്ഡ്‌സ് ബാധിതരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.