യേശുവിന്റെ ശിഷ്യരായിരിക്കുക; ഭൂമിയുടെ അതിർത്തികൾ വരെ അവന്റെ പ്രേഷിതരാകുക: വൈദികരോട് ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ

യേശുവിന്റെ ശിഷ്യരായിരിക്കുക; ഭൂമിയുടെ അതിർത്തികൾ വരെ അവന്റെ പ്രേഷിതരാകുക: വൈദികരോട് ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: റോമിലെ പൊന്തിഫിക്കൽ ലാറ്റിനമേരിക്കൻ കോളേജിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ കർത്താവിന്റെ ശിഷ്യരും പ്രേഷിതരുമായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. അംഗങ്ങളുടെ അജപാലന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കർത്താവിന്റെ ശിഷ്യരും പ്രേഷിതരുമായിരിക്കുന്നതിന്റെ അർത്ഥം യേശുവുമൊത്തു വസിക്കുകയും അവനെ പ്രഘോഷിക്കാൻ ഇറങ്ങി പുറപ്പെടുകയും ചെയ്യുന്നതാണെന്നും പ്രേഷിതത്വത്തിന്റെ യഥാർത്ഥ ധന്യത അതിലെ വൈവിധ്യതയിലുമാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു.

നമ്മെ തന്റെ പുത്രനോടൊപ്പം രൂപീകരിക്കുന്ന ഗ്വദലൂപ്പെയിലെ അമ്മയോട് ശിഷ്യത്വ- പ്രേഷിത യാത്രയിൽ നമ്മെ സഹായിക്കാനും യേശുവിൽ നിന്ന് സഹോദരിലേക്കും, സഹോദരിൽ യേശുവിനെ കണ്ടെത്താനുമുള്ള യാത്രാ പദ്ധതിയിൽ കൂടെ നടക്കാനും പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.


വൈവിധ്യത്തിന്റെ ധന്യത

റോമിലെ കോളേജിലെ രൂപീകരണ വർഷങ്ങൾ "കൃപയുടെ സമയം " എന്നാണ് ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിച്ചത്. അത് ബൗദ്ധീകവും, വിദ്യാഭ്യാസപരവുമായ തലത്തിലും ആഴമായ രൂപീകരണം നൽകുക മാത്രമല്ല സാർവത്രിക സഭയുടെ സമ്പന്നതയും വൈവിധ്യവും അനുഭവിക്കുവാനും ഇടയാക്കുന്നു. യഥാർത്ഥ സമ്പന്നത എന്തെന്നാണ് അത് തിരിച്ചറിയാൻ സഹായിക്കുന്നുവെന്നും പാപ്പ വ്യക്തമാക്കി.

കോളേജിലെ രൂപീകരണത്തിനു ശേഷം സഭ അവരെ ഭരമേല്പിച്ച വിശ്വാസികളുടെ ഇടയന്മാരായി തുടരാൻ ലാറ്റിൻ അമേരിക്കയിൽ തിരിച്ചെത്തുന്ന അവരോടു ഈ സമ്പന്നതയും വൈവിധ്യവും ലാറ്റിൻ അമേരിക്കൻ ജനതയുടേയും കൂടി പ്രത്യേകതയാണ് എന്ന പാപ്പ ഓർമ്മിപ്പിച്ചു. അതിനാൽ എപ്പോഴും ജനങ്ങളുടെ ഇടയന്മാരായിരിക്കാൻ പാപ്പ അവരോട് ആഹ്വാനം ചെയ്തു.

ആദിമ ക്രൈസ്തവരുടെ മാതൃക

ആദിമ ക്രൈസ്തവരും വിവിധ ജനതകളിലും സംസ്കാരങ്ങളിലും നിന്നുള്ളവർ ആയിരുന്നു എന്ന് ഓർമ്മിച്ച ഫ്രാൻസിസ് പാപ്പ അവരിൽ ഇറങ്ങി വന്ന പരിശുദ്ധാത്മാവാണ് അവരെ ഒരേ ഹൃദയവും ഒരേ ആത്മാവും (അപ്പ.പ്രവർത്തനം 4,32) ഉള്ളവരാക്കി മാറ്റിയതെന്നും ഭൂമിയുടെ അതിർത്തികൾ വരെ (മത്താ 28, 19 ) യേശുവിന്റെ ശിഷ്യരും പ്രേഷിതരും ആക്കിയതെന്നും ഊന്നിപ്പറഞ്ഞു.

നവംബർ 30 ആം തീയതി ആഘോഷിക്കുന്ന വിശുദ്ധ അന്ത്രയാസ് അപ്പോസ്തലന്റെ തിരുനാളിനെ ഓർമ്മിച്ചുകൊണ്ട് മാർപാപ്പ കർത്താവിന്റെ ശിഷ്യരും പ്രേഷിതരുമകേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. നമ്മുടെ തീരുമാനങ്ങളിലെ സജീവമായ സ്വരം യേശുവിന്റേത് ആയിരിക്കട്ടെ. കാരണം നാം അവന്റെ സേവകരാണ്. അവനോടൊപ്പം ആയിരിക്കാനാണ് നമ്മെ വിളിച്ചിരിക്കുന്നത്. ഇതാണ് ക്രിസ്തുവിന്റെ ശിഷ്യരായിരിക്കുക എന്ന് പറയുന്നതിന്റെ അർത്ഥമെന്നും പാപ്പ വ്യക്തമാക്കി.


തളർന്നിരിക്കുമ്പോഴും നാം പ്രാർത്ഥിക്കണമെന്നും മൊബൈൽ ഫോൺ താഴെ വെയ്ക്കണമെന്നും മാർപ്പാപ്പ അവരെ ഓർമ്മിപ്പിച്ചു. മൊബൈൽ ഫോൺ ഒരു ആസക്തിയായി മാറി കർത്താവിനോടൊപ്പമായിരിക്കാനും അവിടുന്ന് പറയുന്നത് കേൾക്കാനുമുള്ള അവസരങ്ങൾ നഷ്‌ടപ്പെടുത്തുമെന്നും പാപ്പ വിശദീകരിച്ചു.

ആത്മീയ ലൗകികത ഒഴിവാക്കുക

ദൈവജനത്തോടുള്ള അവരുടെ അജപാലന സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചു. എല്ലാത്തരം വൈദീക മേധാവിത്വവും ഒഴിവാക്കാനും, അവരുടെ വേരുകളെ ഓർമ്മിച്ചു കൊണ്ട് അവർ വന്ന സമൂഹത്തിന്റെയും സേവിക്കുന്ന ജനങ്ങളുടെയും മുന്നിലും നടുവിലും പിന്നിലും നടക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടു.

വി. അന്ത്രയോസിന്റെ പ്രേഷിത കർത്തവ്യം

വിശുദ്ധ അന്ത്രയോസിന്റെ സാക്ഷ്യത്തെക്കുറിച്ച് സംസാരിക്കവെ, യേശുവിന്റെ ആദ്യ ശിഷ്യരിൽ ഒരാൾ എന്ന നിലയിൽ കർത്താവിനെ കണ്ടെത്തിയതിൽ പിന്നെ അവന്റെ ജീവിതം സമൂലം വ്യത്യസ്തമായി എന്ന് പാപ്പ ഓർമ്മിച്ചു. അവൻ പിന്നീട് ഒരിക്കലും പഴയതുപോലായില്ല, അവൻ അനുഭവിച്ചത് എല്ലാവരോടും നടന്ന് പറഞ്ഞു. ഇത്തരത്തിലാണ് അന്ത്രയോസ്, പ്രേഷിതൻ എന്ന നിലയിൽ തന്റെ അരങ്ങേറ്റം നടത്തിയതെന്നും മാർപാപ്പ ചൂണ്ടിക്കാണിച്ചു.

കർത്താവിന്റെ സ്നേഹവും കരുണയും ഇതുവരെ അനുഭവിക്കാത്ത നമ്മുടെ സഹോദരീ സഹോദരന്മാർ നമ്മെ കാത്തിരിക്കുകയാണ്. യേശുവിന്റെ സുവിശേഷം പ്രഘോഷിക്കാനും അവനിലേക്ക് അവരെ നയിക്കാനും നമുക്ക് കഴിയണം. അതിനാൽ പുറത്തേക്കിറങ്ങി സുവിശേഷത്തിന്റെ സന്തോഷം പകരാനായി പ്രേഷിതരാകാൻ ഫ്രാൻസിസ് പാപ്പ അവരെ ആഹ്വാനം ചെയ്തു.

ഇതാണ് നമ്മുടെ ജീവിതത്തിന്റെ അർത്ഥം. യേശുവിൽ തുടങ്ങേണ്ടതും അവസാനിക്കേണ്ടതുമായ "പുറത്തേക്കും തിരിച്ചുമുള്ള " ഒരു യാത്ര. യേശുവിനൊപ്പം ആയിരിക്കുകയും അവനെ പ്രഘോഷിക്കാനായി പുറത്തേക്ക് ഇറങ്ങുകയും ചെയ്യുകയെന്നാൽ ദരിദ്രരോടും, കുടിയേറ്റക്കാരോടും, രോഗികളോടും, തടവുകാരോടും, സമൂഹത്തിൽ ഏറ്റവും ചെറിയവരും വിസ്മരിക്കപ്പെട്ടവരുമൊത്ത് ജീവിതം പങ്കിടാനും ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹം പ്രഖ്യാപിക്കുകയും ചെയ്യുക എന്നാണ് അർത്ഥമാക്കുന്നത്.

കാരണം യേശു നമ്മുടെ ഏറ്റം ബലഹീനരായ സഹോദരീ സഹോദരന്മാരിൽ സന്നിഹിതനാണ്. അവിടെ അവൻ നമ്മെ കാത്തിരിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ...

https://cnewslive.com/author/38269/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.