തിരുവനന്തപുരം: ക്രിസ്തീയ ചിന്തകനും, പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാ. എ. അടപ്പൂര്‍ അന്തരിച്ചു. 98 വയസായിരുന്നു. രാവിലെ 11നായിരുന്നു അന്ത്യം. ആധ്യാത്മിക മേഖലക്കൊപ്പം സാംസ്‌കാരിക -വൈജ്ഞാനിക രംഗത്തും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മദര്‍ തെരേസയുടെ ദര്‍ശനങ്ങള്‍ മലയാളികള്‍ക്കിടയിലേക്ക് പകര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
1926-ല്‍ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയില്‍ അടപ്പൂര്‍ ജോണ്‍ -മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കോഴിക്കോട്, കൊഡൈക്കനാല്‍, പൂനെ എന്നിവിടങ്ങളില്‍ ജസ്യൂട്ട് പരിശീലനം പൂര്‍ത്തിയാക്കി. 1959-ല്‍ വൈദികപട്ടം സ്വീകരിച്ചു. മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് ബി.എ.യും തുടര്‍ന്ന് ഫ്രാന്‍സിലെ സ്ട്രാസ്ബുര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ എം.എ. ബിരുദവും ദൈവശാസ്ത്രത്തില്‍ പിഎച്ച്.ഡിയും നേടി.
റോമില്‍ ജസ്യൂട്ട് ജനറലിന്റെ ഇന്‍ഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കക്കന്‍-റോമന്‍ കത്തോലിക്കാ അന്തര്‍ദ്ദേശീയ സമിതിയംഗം. എറണാകുളത്തെ ലൂമന്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടര്‍, ന്യൂമന്‍ അസോസിയേഷന്റെ കേരള റീജിയണല്‍ ചാപ്ലിന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിരവധി ആധ്യാത്മിക ലേഖനങ്ങളും പുസ്തകവും ഫാ. എ. അടപ്പൂര്‍ എഴുതിയിട്ടുണ്ട്. ഭൗതിക ശരീരം കോഴിക്കോട് ക്രൈസ്റ്റ്ഹാളില്‍ പൊതുദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പത്തരക്ക് ക്രൈസ്റ്റ്ഹാളിന് സമീപത്തെ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.