ചങ്ങാശേരി: വികസന പദ്ധതികള്‍ നാടിന്റെ പുരോഗതിക്ക് അനിവാര്യമാണങ്കിലും ഇരകളെ സൃഷ്ടിച്ചുകൊണ്ടല്ല അത്തരം വികസന പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി.
നിലനില്‍പ്പിനു വേണ്ടിയുള്ള സമരങ്ങളെയൊക്കെ ദേശ വിരുദ്ധമായും സാമൂഹ്യ പ്രവര്‍ത്തകരെയൊക്കെ വിദേശ പണം കൈപ്പറ്റുന്നവരായും തീവ്രവാദ ബന്ധമുള്ളവരായും ചിത്രീകരിക്കുന്നത് അപലപനീയമാണ്. അതിജീവനത്തിനായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോടും അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന ലത്തീന്‍ സഭാ വൈദികരോടും സംസ്ഥാന സര്‍ക്കാര്‍ അനുഭാവ പൂര്‍വമുള്ള നിലപാട് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
പ്രശ്‌നത്തെ ലത്തീന്‍ സമുദായത്തിന്റെയോ ഏതാനും വൈദികരുടെയോ മാത്രം പ്രശ്‌നമായി കാണാതെ മുഴുവന്‍ തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നമായി കാണണം. ഈ വിഭാഗത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും ഇതോടൊപ്പം ചര്‍ച്ച ചെയ്യണം.
കേരളത്തിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ജനവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് വിഴിഞ്ഞത്തെ തീരദേശ മത്സ്യബന്ധന തൊഴിലാളികള്‍. ഒരു വശത്ത് വികസനമെന്ന പേരില്‍ തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ തീര ശോഷണത്തിലൂടെ തൂത്തെറിയപ്പെടുന്ന ഈ ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള മൗലികാവകാശവുമാണ് നിഷേധിക്കപ്പെടുന്നത്.
ഇവര്‍ക്ക് തക്കതായ നഷ്ട പരിഹാരം നല്‍കി പുനരധിവസിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഈ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിഴിഞ്ഞത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതാധികാര സമിതി രൂപീകരിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഏറ്റവും കാര്യക്ഷമമായി പൂര്‍ത്തീകരിക്കണം.
ഓഖി ദുരന്തത്തിനു ശേഷവും വിഴിഞ്ഞം പദ്ധതിയുടെ പ്രാരംഭ സമയത്തും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ട പരിഹാര, പുനരധിവാസ പാക്കേജുകള്‍ എത്രമാത്രം നടപ്പിലാക്കി എന്നതിനെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണം. ആറ് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും എന്നു പറഞ്ഞ വിഴിഞ്ഞം പാക്കേജ് ആറ് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിന്റെ കാരണം പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്.
പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. അതിനു പകരം പ്രശ്‌ന പരിഹാരത്തിനുള്ള സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം. ശരിയായ പാരിസ്ഥിതിക അനുമതിയോടെയാണോ വിഴിഞ്ഞം പദ്ധതി മുമ്പോട്ട് കൊണ്ടു പോകുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
തീരദേശ ജനത വിശിഷ്യാ കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹം രാഷ്ട്രത്തിന്റെ പുരോഗതിയ്ക്കു വേണ്ടി തുറന്ന മനസോടെ സഹകരിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. ഒടുവില്‍ നിലനില്‍പ് തന്നെ അപകടത്തിലായി ജീവിതം കൈവിട്ടു പോകുന്ന അവസ്ഥയിലാണ് വിഴിഞ്ഞത്തെ തീരദേശ ജനത സമര രംഗത്തിറങ്ങിയതെന്നും അതിരൂപത പബ്ലിക് റിലേഷന്‍സ്
ജാഗ്രതാ സമിതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.