ഹിജാബിനെതിരെ നടന്ന റാലിയില്‍ തല മറയ്ക്കാതെ വാഹനത്തിനു മുകളില്‍ കയറിനിന്നു പോകുന്ന യുവതി.
ടെഹ്റാന്‍: മാസങ്ങള്‍ നീണ്ട ജനകീയ പ്രക്ഷോഭങ്ങളില്‍ മുട്ടു വിറച്ച ഇറാന്‍ ഭരണകൂടം അവസാനം മതകാര്യ പൊലീസിനെ പിന്‍വലിച്ചു.
പൊതുസ്ഥലത്ത് ശരിയായ രീതിയില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്സ അമിനി എന്ന യുവതി കഴിഞ്ഞ സെപ്റ്റംബറില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭത്തിനൊടുവിലാണ് ഇറാന്‍ ഭരണാധികാരികള്‍ മതകാര്യ പൊലീസിനെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്.
ഇറാനില്‍ അങ്ങോളമിങ്ങോളം ആഞ്ഞടിച്ച പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഗത്യന്തരമില്ലാതെ ഭരണകൂടം കീഴടങ്ങി. മതകാര്യ പൊലീസിനെ പിന്‍വലിച്ചതായി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസെരിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മതകാര്യ പൊലീസിന് രാജ്യത്തെ നിയമ സംവിധാനത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജനങ്ങളുടെ പെരുമാറ്റ രീതികള്‍ ഭരണ സംവിധാനം കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ഷ്‌കര്‍ഷിക്കുന്ന നിയമത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് രാജ്യത്തെ നിയമ സംവിധാനങ്ങളുമായി കൂടിയാലോചന നടക്കുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇറാനില്‍ 1979 മുതല്‍ സ്ത്രീകളുടെ വസ്ത്ര ധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് നിലനില്‍ക്കുന്നത്. 2006 ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് 'അച്ചടക്കത്തിന്റെയും ഹിജാബിന്റെയും സംസ്‌കാരം ഉറപ്പു വരുത്തുന്നതിന് 'ഗാഷ്ദ് ഇ ഇര്‍ഷാദ് എന്ന പേരിലുള്ള മതകാര്യ പൊലീസിന് രൂപം നല്‍കിയത്. ഇതിനു ശേഷം സ്ത്രീകളുടെ വസ്ത്ര ധാരണം നിരീക്ഷിക്കുകയും നിയമ ലംഘനം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന കാരണത്താല്‍ മതകാര്യ പൊലീസ് പിടികൂടിയ മഹ്സ അമിനി എന്ന 22 വയസുകാരി കഴിഞ്ഞ സെപ്തംബര്‍ 17 നാണ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം ഉയര്‍ന്നത്.
ഇത് മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ഇടയാക്കി. തുടര്‍ന്ന് പ്രക്ഷോഭകര്‍ക്കെതിരെ ഭരണകൂടം കൈക്കൊണ്ട അടിച്ചമര്‍ത്തല്‍ നടപടികളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജനാധിപത്യ സമരത്തെ അടിച്ചമര്‍ത്തുന്നതിനെതിരെ ബ്രിട്ടനും അമേരിക്കയും ഇറാനു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.