വത്തിക്കാന്‍ സിറ്റി: സമൂഹത്തില്‍ സാഹോദര്യവും സൗഹൃദവും പ്രോല്‍സാഹിപ്പിക്കുന്ന ഇടമായി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാറണമെന്ന് ഫ്രാന്‍സിസ് പാപ്പ. തുറന്ന മനസോടെ സ്വാഗതം ചെയ്തും മറ്റുള്ളവര്‍ക്കു പിന്തുണ നല്‍കിയുമാണ് ഓരോ കുടുംബങ്ങളും ജീവിക്കേണ്ടത്. ഒരു കുടുംബമായിരിക്കുക എന്നത് നാം കൃതജ്ഞതയോടെ ഓര്‍ക്കേണ്ട സന്തോഷകരമായ ദാനമാണെന്നും മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.
ഇറ്റലിയിലെ കുടുംബ അസോസിയേഷനുകളുടെ ഫോറത്തെ വത്തിക്കാനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. കുടുംബങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ഈ ഫോറം ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെ പരിശുദ്ധ പിതാവ് അഭിനന്ദിച്ചു.
എല്ലാ കുടുംബ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകളുടെ നിമിഷങ്ങളും സന്തോഷ ദുഖങ്ങള്‍ ഇടകലര്‍ന്ന സന്ദര്‍ഭങ്ങളുമുണ്ടാകും. എന്നിരുന്നാലും, ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോകുമ്പോഴും കുടുംബമായിരിക്കുന്നതില്‍ ഒരു സന്തോഷമുണ്ട്. കാരണം അത് ആഴത്തില്‍ വേരൂന്നിയ ബന്ധമാണ്.
ഒരു ക്രൈസ്തവ കുടുംബത്തിന് ഒരിക്കലും സ്വന്തം സന്തോഷത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ കഴിയില്ല. അയല്‍പ്പക്കത്തുള്ളവരെക്കുറിച്ചും കരുതലുള്ളവരാകണം. സ്‌നേഹത്തില്‍ അധിഷ്ഠിതമായിരിക്കണം ഓരോ കുടുംബങ്ങളുമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജീവിതത്തില്‍ പ്രശ്നങ്ങളൊന്നുമില്ലാതെ എല്ലാം ശരിയായി നടക്കുന്നു എന്നു പറഞ്ഞാല്‍ അതു യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത സന്തോഷമായിരിക്കും.
കുടുംബ ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്കും സംഭാഷണത്തിനും സാമൂഹിക ജീവിതത്തിനും സമയം നീക്കിവയ്ക്കണം. ഇതുകൂടാതെ കുട്ടികളുമായി കളിക്കാനും മാതാപിതാക്കള്‍ സമയം നീക്കിവയ്ക്കണം.
കുടുംബങ്ങള്‍ക്കു വേണ്ടി നന്മയുള്ള രാഷ്ട്രീയം ഉണ്ടാകണം. കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയ അജണ്ടകളില്‍ ഉള്‍പ്പെടുത്താനുള്ള പ്രതിബന്ധതയുടെ ആവശ്യകത പാപ്പ ഊന്നിപ്പറഞ്ഞു.
ഇറ്റലി അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യാ തകര്‍ച്ചയില്‍ മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ ആശയങ്ങള്‍ കൊണ്ട് അതിനെതിരേ പ്രതികരിക്കണം. നമുക്ക് കുട്ടികളെ വേണം - പാപ്പ ഉപസംഹരിച്ചു.
ഇറ്റലിയിലെ കുടുംബങ്ങള്‍ നിലവിലെ സാമൂഹ്യസ്ഥിതിയില്‍ ചൂഷണം ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാനുള്ള കുടുംബ കൂട്ടായ്മകളുടെ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26