വിഴിഞ്ഞത്ത് സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; ജീവന്‍ കൊടുത്തും സമരക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്

വിഴിഞ്ഞത്ത് സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; ജീവന്‍ കൊടുത്തും സമരക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ കോവളം എംഎല്‍എ എം.വിന്‍സന്റ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച നടന്നു.

ഉച്ചയ്ക്ക് ഒന്നിനാരംഭിച്ച ചര്‍ച്ച രണ്ട് മണിക്കൂറിലധികം നീണ്ടു. വിഴിഞ്ഞത്ത് സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോള്‍ ജീവന്‍ കൊടുത്തും തങ്ങള്‍ സമരക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

ആദിവാസികളെ പോലെ ദുരിതവും പ്രശ്നങ്ങളും അനുഭവിക്കുന്ന ജനതയാണ് മത്സ്യത്തൊഴിലാളികള്‍. പുനരധിവാസമാണ് ഇവരുടെ പ്രധാന പ്രശ്നം. വര്‍ഗീയ വിവേചനത്തിന് ഇടവരാത്ത തരത്തില്‍ പ്രശ്നം പരിഹരിക്കേണ്ടത് ആയിരുന്നു. ബിഷപ്പിനെതിരെ കേസെടുത്തത് എന്ത് അടിസ്ഥാനത്തിലാണന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

'കേസെടുത്തപ്പോള്‍ സ്വാഭാവിക പ്രകോപനം ഉണ്ടായി. മന്ത്രിയുടെ സഹോദരന്‍ പോലും തീവ്രവാദിയാണെന്ന് സിപിഎം മുഖപത്രം പറയുന്നു. മന്ത്രി്ക്ക് എതിരെയുള്ള പരാമര്‍ശം വൈദികന്‍ പിന്‍വലിച്ചിട്ടും ആളിക്കത്തിക്കാന്‍ ശ്രമം നടത്തുന്നു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്. മുഖ്യമന്ത്രി മുന്‍കൈ എടുത്താല്‍ സമരം തീരും. സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താത്തത് അത്ഭുതപ്പെടുത്തുന്നു'- വി.ഡി സതീശന്‍ പറഞ്ഞു.

പണം വട്ടി പലിശയ്ക്ക് എടുത്ത് മണ്ണെണ്ണ വാങ്ങേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികള്‍. സബ്സിഡി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും ആവര്‍ത്തിച്ചു. വിഴിഞ്ഞം സമരസമിതിയുടെ ഉന്നത നേതാവുമായി ചര്‍ച്ച നടത്തിയിരുന്നു. തുറമുഖ നിര്‍മാണം നിര്‍ത്താന്‍ കഴിയില്ലെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമരത്തെ ചില ബാഹ്യശക്തികള്‍ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബ്രഹത് പശ്ചാത്തല വികസന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. എണ്‍പത് ശതമാനം പണി പൂര്‍ത്തിയായി. തീരശോഷണം എല്ലാം നേരത്തെ പഠിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. യുഡിഎഫ് കാലത്തെ പുനരധിവാസ പാക്കേജില്‍ പണം നീക്കി വെച്ചില്ല.

സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നടപടി എടുത്തു. ഏഴില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചു. വീടും ഭൂമിയും നഷ്ടപെട്ടവര്‍ക്ക് പുനര്‍ ഗേഹം പദ്ധതി നടപ്പാക്കുന്നുണ്ട്. 276 ഭവന സമുച്ചയം കൈമാറി. തിരുവനന്തപുരം ജില്ലയില്‍ മാത്രം 475 കുടുംബങ്ങള്‍ക്ക് വീട് നല്‍കി.

വിവിധ ഘട്ടങ്ങളില്‍ 925 കുടുംബങ്ങള്‍ക്കാണ് വീട് നല്‍കിയത്. അവശേഷിക്കുന്നവര്‍ക്കുള്ള ഫ്‌ളാറ്റ് ഒന്നര വര്‍ഷത്തിനുള്ളില്‍ തീര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം കടലില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് സഹായം ഉറപ്പാക്കുകയും മണ്ണെണ്ണക്ക് ഒറ്റ തവണ സബ്‌സിഡി നല്‍കിയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഒരു കാര്യത്തില്‍ മാത്രമേ സമരക്കാരിന് കടും പിടുത്തമുള്ളൂ. അത് വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ല എന്ന കാര്യത്തിലാണ്. ലത്തീന്‍ സഭ വികസനത്തെ അനുകൂലിക്കുന്നവരാണ്. സഭയുടെ പൊതു നിലപാടല്ല സമരത്തെ അനുകൂലിക്കുന്നവര്‍ക്ക്. സഭയുടെ പൊതുനിലപാടിന് വിരുദ്ധമായി ചിലര്‍ പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.