മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം: വിഴിഞ്ഞം സമരം അവസാനിപ്പിച്ചു; പൂര്‍ണ തൃപ്തിയില്ലെന്ന് സമര സമിതി

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം: വിഴിഞ്ഞം സമരം അവസാനിപ്പിച്ചു; പൂര്‍ണ തൃപ്തിയില്ലെന്ന് സമര സമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ മാസങ്ങളായി നടന്നു വന്ന സമരം ഒത്തു തീര്‍പ്പായി. സമര സമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. മന്ത്രി സഭാ ഉപസമിതിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച.

സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി വ്യക്തമാക്കി. വാടക പൂര്‍ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടില്‍ നിന്നും 2500 രൂപ തരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു.

ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.

സമരത്തിലെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും പൂര്‍ണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് സമര സമിതി കൺവീനർ ഫാ. യൂജിന്‍ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകള്‍ പിന്‍വലിച്ചപ്പോല്‍ കര്‍ഷക സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.