കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരിക്ക് അടിമയാക്കിയതിന് ശേഷം കാരിയറായി ഉപയോഗിച്ചതായി പരാതി. കോഴിക്കോട് അയിരൂരിലാണ് ലഹരി മാഫിയ പെണ്‍കുട്ടിയെ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തിയത്. കൗണ്‍സലിങിലും ചികിത്സയിലും കഴിയുന്ന പെണ്‍കുട്ടി ലഹരി സംഘത്തിനെതിരെ മൊഴി നല്‍കിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
സ്‌കൂളിലെ മുതില്‍ന്ന പെണ്‍കുട്ടികള്‍ വഴിയാണ് കുട്ടിയെ ലഹരിക്ക് അടിമയാക്കിയത്. പരിചയക്കാരിയായ ചേച്ചി തന്ന ബിസ്‌കറ്റിലായിരുന്നു എല്ലാം തുടങ്ങിയത്. കബഡി ടീമില്‍ അംഗമായതിനാല്‍ നന്നായി കളിക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാണ് ഒരു പൊടി മൂക്കില്‍ വലിപ്പിച്ചത്. പിന്നീട് സിറഞ്ചുവഴി കുത്തിവച്ചെന്നും എംഡിഎംഎ ആണ് അവസാനമായി നല്‍കിയതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
പല പെണ്‍കുട്ടികളും ഇത്തരത്തില്‍ ലഹരിക്ക് അടിമയാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. സ്‌കൂള്‍ ബാഗില്‍ കൊണ്ടു പോയി ലഹരി കൈമാറ്റത്തിനും സംഘം പ്രേരിപ്പിച്ചു. സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് വീട്ടില്‍ കള്ളം പറഞ്ഞാണ് പലയിടങ്ങളില്‍ പോയത്. കാലിലോ കൈയിലോ വരയ്ക്കുന്ന ഇസഡ് അക്ഷരം അല്ലെങ്കില്‍ സ്‌മൈല്‍ ഇമോജിയായിരുന്നു കൈമാറ്റത്തിനുള്ള അടയാളം. ഭക്ഷണം കഴിക്കാനുള്ള താല്‍പര്യക്കുറവിനു പുറമേ കുട്ടിയുടെ ഉന്മേഷം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്.
കൗണ്‍സലിങിലൂടെയാണ് ലഹരി വഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. വിശദമായ മൊഴി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. മയക്കുമരുന്ന് കണ്ണിയിലേക്ക് പെണ്‍കുട്ടിയെ കൂട്ടിച്ചേര്‍ത്ത യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തില്‍ ചോമ്പാല പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി. ഇരയാക്കിയ ആളിന്റെ വിശദ വിവരങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും ലഹരി മാഫിയയെ പറ്റി അന്വേഷണം നടത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.