പറങ്കികളുടെ പടയോട്ടം: സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

പറങ്കികളുടെ പടയോട്ടം: സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

ദോഹ: നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി പ്ലെയിങ് ഇലവനിലിറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്റെ ഹാട്രിക് ഗോളിൽ പോര്‍ച്ചുഗലിന് തകർപ്പൻ ജയം. ഒന്നിനെതിരേ ആറുഗോളുകള്‍ക്കാണ് സ്വിറ്റ്സർലൻഡിനെ പറങ്കിപ്പട തകര്‍ത്ത് തരിപ്പണമാക്കിയത്.

മുന്നേറ്റനിരയില്‍ അത്ഭുതപ്രകടനം പുറത്തെടുത്ത റാമോസ് 17, 51, 67 മിനിറ്റുകളിലാണ് ലക്ഷ്യം കണ്ടത്. പെപ്പെ, റാഫേല്‍ ഗുറെയ്‌റോ, റാഫേല്‍ ലിയോ എന്നിവരും പോര്‍ച്ചുഗീസ് പടയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഇതോടെ ആധികാരിക വിജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളി.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളിലേക്കുള്ള ആദ്യ തുടക്കം സ്വിറ്റ്‌സര്‍ലന്‍ഡിന്റെതായിരുന്നു. ആറാം മിനിറ്റില്‍ സ്വിസ് താരം ബ്രീല്‍ എംബോളോ പന്തുമായി മുന്നേറി ഷോട്ടുതിര്‍ത്തെങ്കിലും പ്രതിരോധതാരം പെപ്പെ അത് വിഫലമാക്കി.

എന്നാല്‍ സ്വിസ് പ്രതിരോധത്തെ ഞെട്ടിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ മത്സത്തില്‍ ലീഡെടുത്തു. 17-ാംമിനിറ്റിൽ ഗോണ്‍സാലോ റാമോസാണ് പോര്‍ച്ചുഗലിനായി ആദ്യ ലീഡ് നേടിയത്. താരത്തിന്റെ ആദ്യ ലോകകപ്പ് ഗോളാണിത്. പോര്‍ച്ചുഗലിനായി റാമോസ് നേടുന്ന രണ്ടാം ഗോളുമാണിത്. 33-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ വീണ്ടും വെടിപൊട്ടിച്ചു. ഇത്തവണ വെറ്ററന്‍ താരം പെപ്പെയാണ് പോര്‍ച്ചുഗീസ് പടയ്ക്ക് വേണ്ടി വലകുലുക്കിയത്. കോര്‍ണര്‍ കിക്കിലൂടെയാണ് ഗോള്‍ പിറന്നത്. 

38-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോള്‍ശ്രമം പോര്‍ച്ചുഗീസ് പ്രതിരോധതാരം ഡീഗോ ഡാലോ ഗോള്‍ലൈനിന് തൊട്ടുമുന്നില്‍ വെച്ച് വിഫലമാക്കി. പിന്നാലെ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിന് ആദ്യ പകുതിയില്‍ ഗോളടിക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗല്‍ വീണ്ടും ഗോളടിച്ചു. ഇത്തവണയും യുവതാരം ഗോണ്‍സാലോ റാമോസാണ് ലക്ഷ്യം കണ്ടത്. 51-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. മൂന്ന് ഗോളടിച്ചിട്ടും പോര്‍ച്ചുഗീസ് ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞില്ല. 55-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ റാഫേല്‍ ഗുറെയ്‌റോയാണ് ഗോളടിച്ചത്. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഗോള്‍ പിറന്നത്. 

എന്നാല്‍ തൊട്ടുപിന്നാലെ ഒരു ഗോള്‍ തിരിച്ചടിച്ച് സ്വിസ്സ് പട പോരാട്ടവീര്യം കാട്ടി. പ്രതിരോധതാരം മാനുവല്‍ അകാന്‍ജിയാണ് ടീമിനായി വലകുലുക്കിയത്. 58-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. 67-ാം മിനിറ്റില്‍ ചരിത്രനേട്ടവുമായി ഗോണ്‍സാലോ റാമോസ് ഹാട്രിക്ക് കുറിച്ചു. ജാവോ ഫെലിക്‌സിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ റാമോസ് യാന്‍ സോമറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് കോരിയിട്ട് വലകുലുക്കി റെക്കോഡ് നേടി.

2022 ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്. 2002- ന്‌ശേഷം സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം നേടിയ ആദ്യ മത്സരത്തില്‍ തന്നെ ഹാട്രിക്ക് നേടുന്ന ആദ്യ താരമാണ് റാമോസ്. നേരത്തേ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

73-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസിനെ പിന്‍വലിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിശീലകന്‍ സാന്റോസ് കൊണ്ടുവന്നു. 84-ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.

ഇന്‍ജുറി ടൈമില്‍ പകരക്കാരനായി വന്ന റാഫേല്‍ ലിയോയും ഗോളടിച്ചതോടെ പോര്‍ച്ചുഗലിന്റെ ഗോളുകളുടെ എണ്ണം ആറായി ഉയര്‍ന്നു. പിന്നാലെ പോര്‍ച്ചുഗല്‍ ഉജ്ജ്വലവിജയവുമായി ക്വാര്‍ട്ടറിലേക്ക് മുന്നേറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.