ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം: ചുഴലിക്കാറ്റയി തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്; കേരളത്തില്‍ മഴ ശക്തമാകും, ജാഗ്രതാ മുന്നറിയിപ്പ്

 ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം: ചുഴലിക്കാറ്റയി തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്; കേരളത്തില്‍ മഴ ശക്തമാകും, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്രമായി മാറിയതോടെ കേരളത്തിലടക്കം മഴ ശക്തമാകും. അതിതീവ്ര ന്യൂനമര്‍ദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി വ്യാഴാഴ്ച രാവിലെയോടെ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലും രണ്ട് ദിവസം മഴ ശക്തമായേക്കും. ഡിസംബര്‍ 10,11 തിയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ 10, 11 തിയതികളില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വ്യാഴാഴ്ച തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലും, തമിഴ്നാട്-പുതുച്ചേരി തീരം, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, വടക്ക് ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച തമിഴ്നാട്-പുതുച്ചേരി തീരം, തെക്കന്‍ ആന്ധ്രപ്രദേശ്, വടക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ശനിയാഴ്ച തമിഴ്നാട്-പുതുച്ചേരി തീരം, തെക്കന്‍ ആന്ധ്രപ്രദേശ്, വടക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുണ്ടന്നും മുന്നറിയിപ്പുണ്ട്.

മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തിയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും പ്രത്യേക നിര്‍ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.