ഹിമാചലില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയേറി: ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലും ലീഡ്; അക്കൗണ്ട് തുറക്കാനാകാതെ എഎപി

ഹിമാചലില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയേറി: ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലും ലീഡ്; അക്കൗണ്ട് തുറക്കാനാകാതെ എഎപി

ഗുജറാത്തില്‍ ബിജെപിയുടെ തേരോട്ടം തുടരുന്നു.

ഷിംല: ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെക്ക് കടക്കുമ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടു. 39 സീറ്റിന്റെ ലീഡുമായി കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ബിജെപിയുടെ ലീഡ് നില 26 സീറ്റിലേക്ക് കുറഞ്ഞു.

അതേസമയം ആം ആദ്മി പാര്‍ട്ടിയ്ക്ക് ഇതുവരെ ഒരു സീറ്റും നേടാനായിട്ടില്ല. മറ്റുള്ളവര്‍ക്ക് മൂന്നു സീറ്റില്‍ ലീഡുണ്ട്.  ഹിമാചലിലെ 68 അംഗ വിധാന്‍ സഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 35 സീറ്റുകളാണ് നേടേണ്ടത്.

കോണ്‍ഗ്രസിനെ കടത്തിവെട്ടി ഹിമാചലില്‍ ബിജെപിയുടെ തുടര്‍ ഭരണമാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബിജെപിക്ക് 24-41 സീറ്റുകളും കോണ്‍ഗ്രസിന് 20-40 സീറ്റുകളും ലഭിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. കൂടുതല്‍

68 അംഗ സഭയില്‍ 34 എന്ന ഹാഫ്-വേ മാര്‍ക്കിനേക്കാള്‍ ആറ് സീറ്റുകള്‍ മാത്രമായിരിക്കും ബി ജെ പിയ്ക്ക് കൂടുതലായി നേടാനാകുന്നതെന്നും പരമാവധി 40 സീറ്റുകള്‍ ആയിരിക്കും നേടുന്നതെന്നുമായിരുന്നു പ്രവചനങ്ങള്‍. കോണ്‍ഗ്രസ് 30-40 സീറ്റുകളും ബിജെപി 24-34 സീറ്റുകളും നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യാ സര്‍വേ വ്യക്തമാക്കിയിരുന്നു.

ഹിമാചലിലെ ബിജെപി ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഭരണ വിരുദ്ധ വികാരം ബിജെപിക്ക് തിരിച്ചടിയായെന്നാണ് പ്രാഥമിക ലീഡ് നില സൂചിപ്പിക്കുന്നത്.

സേരാജ് മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയ്റാം താക്കൂര്‍ വിജയിച്ചു. 20,000 ലേറെ വോട്ടുകള്‍ക്കാണ് താക്കൂറിന്റെ ജയം. ആറാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

കുതിരക്കച്ചവടം ഭയന്ന് ഹിമാചല്‍ പ്രദേശില്‍ വിജയിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്കോ ഛത്തീസ് ഗഡിലേക്കോ മാറ്റാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. റായ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ഭരണം പിടിക്കാന്‍ നീക്കം സജീവമാക്കി ബിജെപിയും രംഗത്തുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിമതരുമായും സ്വതന്ത്രന്‍മാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ ആകെയുള്ള 68 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം ഗുജറാത്തില്‍ ബിജെപിയുടെ തേരോട്ടം തുടരുകയാണ്. ആകെയുള്ള 182 മണ്ഡലങ്ങളില്‍ 154 ലും ബിജെപി മുന്നിലാണ്. 19 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ആം ആദ്മി ആറ് സീറ്റിലും മറ്റുള്ളവര്‍ മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.