ഗുജറാത്ത് വിജയം ആഘോഷമാക്കാന്‍ ബിജെപി: ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; മോഡിയും അമിത് ഷായും പങ്കെടുക്കും

ഗുജറാത്ത് വിജയം ആഘോഷമാക്കാന്‍ ബിജെപി: ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; മോഡിയും അമിത് ഷായും പങ്കെടുക്കും

അഹമ്മദാബാദ്: ഏഴാം തവണയും തുടര്‍ ഭരണം ഉറപ്പിച്ച ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സംബന്ധിക്കും.

ഗുജറാത്തില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി തുടര്‍ ഭരണം നേടുന്നത്. ആകെയുള്ള 182 സീറ്റില്‍ 158 സീറ്റിലാണ് ബിജെപി ലീഡ് തുടരുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലേക്ക് ചുരുങ്ങി. ആം ആദ്മി പാര്‍ട്ടി ആഞ്ച് സീറ്റിലും മറ്റുള്ളവര്‍ മൂന്നു സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.

ഗുജറാത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് ബിജെപി കുതിക്കുന്നത്. 1985 ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റെന്ന റെക്കോഡാണ് ബിജെപി മറികടക്കാനൊരുങ്ങുന്നത്. ഗുജറാത്തിലെ ജനവിധി വളരെ വ്യക്തമാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.

ജനങ്ങള്‍ സംസ്ഥാനത്തെ വികസന യാത്രയ്ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി. ജനങ്ങളുടെ തീരുമാനം എളിമയോടെ സ്വീകരിക്കുന്നു. എല്ലാ ബിജെപി പ്രവര്‍ത്തകരും പൊതുജന സേവനത്തിന് പ്രതിബദ്ധരാകണമെന്നും ഭൂപേന്ദ്ര പട്ടേല്‍ അഭിപ്രായപ്പെട്ടു. ബിജെപിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വന്‍വിജയമെന്ന് ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. അടുത്ത 20 വര്‍ഷത്തേക്കുള്ള വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്തില്‍ ബിജെപിയുടെ വമ്പന്‍ കുതിപ്പില്‍ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. മോഡി ഇന്ന് വൈകുന്നേരം ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തുന്ന മോഡി ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കു ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുന്നില്‍ നിര്‍ത്തിയാണ് ഗുജറാത്തില്‍ ബിജെപി വോട്ടു തേടിയതും വന്‍ വിജയം കരസ്ഥമാക്കിയതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.