നിയമസഭയിൽ ചീഫ് മാര്‍ഷലിന് മര്‍ദനമേറ്റ സംഭവത്തില്‍ നടപടി; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

നിയമസഭയിൽ ചീഫ് മാര്‍ഷലിന് മര്‍ദനമേറ്റ സംഭവത്തില്‍ നടപടി; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചീഫ് മാര്‍ഷലിന് മര്‍ദനമേറ്റ സംഭവത്തില്‍ കടുത്ത നടപടി. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ എംഎല്‍എമാരായ റോജി എം ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, എം വിന്‍സന്റ് എന്നിവരെയാണ് സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സഭാനടപടികള്‍ തടസപ്പെടുന്നതിന് ഇടയാക്കിയിരുന്നു. സമാനമായ നിലയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിച്ചത്. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചത് നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

പ്രതിഷേധത്തിനിടെ ചീഫ് മാര്‍ഷല്‍ ഷിബു അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ പശ്ചാത്തലത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പാഞ്ഞടുത്തത് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.